വരില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പേരിൽ നാടുനീളെ ഫ്ലക്സ്; ചേന്തി അനിലിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരായ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് മുൻനിർത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് ലഭിക്കുന്നത്.
ചേന്തിയുടെ കേസുകളും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പശ്ചാത്തലവും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് മുൻനിർത്തി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേന്തി അനിലിനെയും സംഘാടകരെയും രണ്ടാഴ്ച മുൻപ് വിവരം അറിയിച്ചെങ്കിലും തുടർന്നും നാടുനീളെ ഫ്ലക്സ് വച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി വാഹനം നിർത്തി ഇറങ്ങിയത് മുൻ എം.പി. കൂടിയായ എൻ.പീതാംബരക്കുറുപ്പിനെ കണ്ടതുകൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടി പുറത്താക്കി. ഡി.സി.സി അംഗമായ ചേന്തി അനിൽ റൗഡി ലിസ്റ്റിൽ പെട്ടയാളെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തനിക്കെതിരായ കേസ് ഗ്രൂപ്പുകളിയുടെ ഭാഗമെന്നും കോൺഗ്രസുകാർക്ക് ഇതുതന്നെ വരണമെന്നും അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ തടഞ്ഞത് സംസ്കാരമില്ലായ്മ എന്ന് കെ.മുരളീധരനും പ്രതികരിച്ചിരുന്നു. അനിലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.