07/09/2026
[fontresizer_tawhidurrahmandear_widget]

‘മറ്റു കേസുകളിൽ കാണിക്കുന്ന ആവേശം ആരിഫ് തെരുവത്തിന്റെ കാര്യത്തിൽ എവിടെപ്പോയി?’; പോലീസ് ഇരട്ടത്താപ്പിനെതിരെ കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ

 ‘മറ്റു കേസുകളിൽ കാണിക്കുന്ന ആവേശം ആരിഫ് തെരുവത്തിന്റെ കാര്യത്തിൽ എവിടെപ്പോയി?’; പോലീസ് ഇരട്ടത്താപ്പിനെതിരെ കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ

കൊച്ചി: ഡോ. അബ്ദുല്ല ബാസിലിനെതിരെയുള്ള കേസിൽ തിടുക്കപ്പെട്ട് നടപടിയെടുത്ത പോലീസ്, ഫേസ്ബുക്കിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച എക്സ് മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസിന്റെ പക്ഷപാതപരമായ നിലപാടുകൾക്കും ഇരട്ടത്താപ്പിനുമെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് ഡോ. അബ്ദുല്ല ബാസിലിൻ്റെ കുടുംബത്തിലെ സ്ത്രീകളെയും മുസ്‌ലിം സ്ത്രീകളെയും ഒന്നടങ്കം ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ആരിഫ് ഹുസൈൻ തെരുവത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അന്ന് തന്നെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയും, സൈബർ ക്രൈം ഹെഡ്‌ക്വാർട്ടേഴ്‌സ് മുഖേന ഈ പരാതി കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഈ സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് ജിൻ്റോ ജോൺ ചൂണ്ടിക്കാട്ടുന്നു.

ലഭിച്ച പരാതികൾ പോലീസ് സ്റ്റേഷനിൽ തണുപ്പൻ മട്ടിൽ മാറ്റിവെച്ചതോടെയാണ് ആരിഫ് ഹുസൈൻ വീണ്ടും സ്ത്രീവിരുദ്ധവും മതവിദ്വേഷപരവുമായ പോസ്റ്റുകൾ നിരന്തരം ആവർത്തിക്കുന്നത്. ഇതിന് പൊലീസിലെ ചിലരുടെ മൗനാനുവാദമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ല‌ിം സ്ത്രീകളുടെ വിമോചനമെന്ന പേരിൽ അയാൾ നടത്തുന്ന ഇത്തരം പ്രചരണങ്ങളെല്ലാം തികഞ്ഞ ഇസ്‌ലാമോഫോബിയയും വർഗീയതയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് പല കേസുകളിലും പോലീസ് കാണിക്കുന്ന ആവേശം ആരിഫ് ഹുസൈൻ്റെ കാര്യത്തിൽ എവിടെപ്പോയെന്നും അദ്ദേഹം ചോദിക്കുന്നു. ഖേദപ്രകടനം നടത്തിയിട്ടും സണ്ണി എം. കപിക്കാടനെതിരെ കേസെടുക്കാൻ മിടുക്ക് കാണിച്ച പോലീസും, മാപ്പപേക്ഷിച്ചതിന്റെ പേരിൽ അവതാരക അപർണ കുറുപ്പിന്റെ കേസിൽ നടപടി മരവിപ്പിച്ചവരും, ആരിഫ് തെരുവോത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്ത് നീതീകരണത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ജിന്റോ ജോൺ ചോദിക്കുന്നു.

സംഘപരിവാർ ആശയങ്ങളെ പിന്തുണക്കുന്ന രീതിയിലാണ് സേനയിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ-മതേതര കാഴ്‌ചപ്പാടുകളും ഉയർത്തിപ്പിടിക്കുന്ന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടുകൾ തിരുത്താൻ തയ്യാറാകണമെന്നും ഡോ. ജിന്റോ ജോൺ ആവശ്യപ്പെട്ടു.

Also read: