05/09/2026
[fontresizer_tawhidurrahmandear_widget]

കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, നെഞ്ചുതകർന്ന് നാട്

 കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, നെഞ്ചുതകർന്ന് നാട്

തൃശൂർ: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. രാത്രി പതിനൊന്നേ മുക്കാലോടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയാണ് അതിദാരുണമായ ദുരന്തമുണ്ടായത്. തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്.

സൈൻ ബോർഡ് പോലും വയ്ക്കാതെയാണ് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ‘ടേക്ക് ഡൈവേർഷൻ’ എന്ന സൈൻ ബോർഡ് അപകടത്തിനു ശേഷമാണ് അതോറിറ്റി കൊണ്ടുവച്ചതെന്നും അപകട സമയത്ത് കോൺക്രീറ്റ് ബ്ലോക്ക് വച്ച് തടഞ്ഞിരിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അതിവേഗത്തിൽ വന്ന കാർ സൈൻ ബോർഡ് കാണാതെ നേരെ പാലത്തിനു മുകളിലേക്ക് കയറുകയായിരുന്നു. ഈ ഭാഗത്ത് മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നു. ഇതിൽ ഒരു ലോറിയുടെ അടിയിലേക്ക് കാർ നേരെ ഇടിച്ചുകയറുകയായിരുന്നുവെന്നും അവശിഷ്ടങ്ങൾ ലോറിയുടെ അടിയിലായിരുന്നുവെന്നും നാട്ടുകാർ ഓർത്തെടുത്തു.

ലോറി മുന്നോട്ടെടുത്ത ശേഷമാണ് കാർ കാണാനായത്. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഏറെ നേരം ശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കണ്ടുനിൽക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. വിദ്യാർഥികളുടെ കണ്ണുകൾ പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങൾ തകർന്ന കാറിന്റെ അവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറയുന്നു. ഒരാൾ സീറ്റിനടിയിലായിരുന്നു, ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ തന്നെയാണ് ഈ മഹാദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആവർത്തിക്കുന്നു.

വിദ്യാർഥികൾ ട്രിപ്പ് പോയത് കോളജിൽ അറിയാതെയെന്ന് ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ. പുലർച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഹോളി ഡേ ആയത് കൊണ്ടു വിദ്യാർഥികൾ പ്ലാൻ ചെയ്തു പോയതാകാം. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന ഇവർ മാതാപിതാക്കൾ അറിയാതെ നടത്തിയ യാത്രയായിരുന്നുവെന്നും സൂചനയുണ്ട്. അപകടത്തിൽപ്പെട്ട തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറിൽനിന്ന് ലഭിച്ച ഐ.ഡി. കാർഡിൽ നിന്നാണ് മരിച്ചവരെക്കുറിച്ചുള്ള പ്രാഥമിക വിവരം ലഭിച്ചത്. ഡിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശി വിശ്വ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also read: