21/07/2026
[fontresizer_tawhidurrahmandear_widget]

ഗൾഫിലെ ജോലി പോയി നാട്ടിലെത്തിയതിന് പിന്നാലെ കുടുംബവുമായി ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

 ഗൾഫിലെ ജോലി പോയി നാട്ടിലെത്തിയതിന് പിന്നാലെ കുടുംബവുമായി ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

കുന്നംകുളം: ഗൃഹനാഥൻ വിദേശത്തുനിന്ന് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ കുന്നംകുളത്ത് നാലംഗ കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തി. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സിബി (50), മകൾ അലീന (18) എന്നിവർ മരണപ്പെട്ടു. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ഭാര്യ ബീന (40), മകൻ ആദിത്യൻ (18) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. നാലുപേരും ആദ്യം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പാക്കാനായി കൈത്തണ്ടകൾ മുറിക്കുകയും ചെയ്തു. തുടർന്ന് സിബിയെ വീട്ടു കിണറ്റിലും, ബീനയെയും അലീനയെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷം കഴിച്ച് അത്യാസന്ന നിലയിലായിരുന്ന മകൻ ആദിത്യൻ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരമറിയിച്ചതിനെ തുടർന്നാണ് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തിയത്.

ഞായറാഴ്ച രാവിലെയാണ് സിബി ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വിദേശത്തെ ജോലി നഷ്ടപ്പെട്ടതും അതുണ്ടാക്കിയ കടുത്ത മനോവിഷമവും സാമ്പത്തിക പ്രതിസന്ധിയുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. “ജീവിതം അവസാനിപ്പിക്കുന്നു” എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ച അലീന നീറ്റ് (NEET) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മകൻ ആദിത്യനെ തിങ്കളാഴ്ച ബി.ടെക് കോഴ്സിന് ചേർക്കാനിരിക്കെയാണ് ഈ ദുരന്തം. അക്കിക്കാവ് സ്വദേശികളായ ഈ കുടുംബം 10 വർഷം മുൻപാണ് പഴഞ്ഞിയിൽ പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്.

Also read: