ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന് ഹോട്ടലിൽ കൂട്ടത്തല്ല്; ഉടമയുടെ മൂന്ന് പല്ലുകൾ നഷ്ടമായി
തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് യുവാക്കൾ തുടങ്ങിയ തർക്കം കലാശിച്ചത് ക്രൂരമായ കൂട്ടത്തല്ലിൽ. തൃശൂർ വടക്കാഞ്ചേരി മിണാലൂരിലെ ‘സെലക്ട്’ ഹോട്ടലിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. അക്രമികളുടെ ക്രൂരമായ മർദനത്തിൽ ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകളാണ് നഷ്ടപ്പെട്ടത്.
വൈകുന്നേരം അഞ്ച് മണിയോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കളാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. തങ്ങൾക്ക് വിളമ്പിയ ചിക്കൻ ചില്ലിക്കൊപ്പമുണ്ടായിരുന്ന നാരങ്ങക്കഷണത്തിൽ നീര് കുറവാണെന്ന് പറഞ്ഞ് ഇവർ ജീവനക്കാരുമായി ബഹളം വെക്കുകയായിരുന്നു. തർക്കം പരിഹരിക്കാനായി ഹോട്ടലുടമ മുജീബ് ഇടപെട്ടതോടെ ഇവർ തൽക്കാലത്തേക്ക് അവിടെനിന്ന് മടങ്ങിപ്പോയി.
എന്നാൽ, ഇതിന് പ്രതികാരമായി പിന്നീട് ഏഴംഗ സംഘമായി മാരകായുധങ്ങളുമായി ഇവർ ഹോട്ടലിലേക്ക് തിരിച്ചെത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റും വടികളുമായി എത്തിയ അക്രമിസംഘം ഹോട്ടലുടമയെയും ജീവനക്കാരെയും ക്രൂരമായി മർദിച്ചു. അതേസമയം, ഹോട്ടലിലുണ്ടായിരുന്നവർ ചട്ടുകവും തവിയും ഉപയോഗിച്ച് തങ്ങളെയും മർദിച്ചതായി ഭക്ഷണം കഴിക്കാനെത്തിയ മറുവിഭാഗവും ആരോപിക്കുന്നുണ്ട്.
സംഘർഷത്തിൽ പരിക്കേറ്റ ഇരുവിഭാഗത്തിലെയും ആളുകളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി പോലീസ് അറിയിച്ചു.