04/09/2026
[fontresizer_tawhidurrahmandear_widget]

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും കുടുങ്ങി, കൊലയ്ക്ക് കൂട്ടുനിന്ന് 13കാരനായ മകനും

 യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും കുടുങ്ങി, കൊലയ്ക്ക് കൂട്ടുനിന്ന് 13കാരനായ മകനും

സേലം: തമിഴ്‌നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. സേലം ഓമലൂരിൽ വി. ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭൂപതിയുടെ ഭാര്യ സുജിത ശ്രീ (31), കാമുകൻ സന്തോഷ് രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് നിർത്തിയിട്ട കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. ഓമലൂർ ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്. രാവിലെ ഭർത്താവിനൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മോഷ്ടാക്കൾ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് സുജിത പൊലീസിന് ആദ്യം നൽകിയ മൊഴി. അജ്ഞാതരായ മൂന്നുപേർ ഭൂപതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നും തുടർന്ന് തന്റെ 12 പവന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്നും സുജിത പറഞ്ഞതായി ഓമലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം വ്യക്തമാക്കുകയുണ്ടായി.

എന്നാൽ, വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഭാര്യയും ഭർത്താവും സ്ഥിരമായി വഴക്കിട്ടിരുന്നതായും സുജിതയുടെ മൊഴിയിൽ സംശയമുണ്ടെന്നും ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്കളും പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സുജിതയുടെ കാമുകനും പ്രദേശവാസിയുമായ സന്തോഷ് രാജിനെ പൊലീസ് വലയിലാക്കുന്നത്.

സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും സുജിതയും ഭൂപതിയും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. തർക്കത്തിനിടെ സുജിത ഭൂപതിയെ തള്ളി താഴെയിട്ടു. തലയിടിച്ചുവീണ ഭൂപതിക്ക് ഗുരുതരമായി പരുക്കേറ്റു. ബോധരഹിതനായതോടെ സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാറിൽ കയറ്റി റോഡിൽ ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് സുജിത കവർച്ചാ നാടകം ആസൂത്രണം ചെയ്ത് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെ സുജിതയെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 13കാരനായ മകനും പിതാവിനെ കൊലപ്പെടുത്താൻ സഹായിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.

Also read: