പ്രസവിച്ച് മണിക്കൂറുകൾക്കകം നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിയിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ
ഗാന്ധിനഗർ: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിയിൽ ഉപേക്ഷിച്ച കേസിൽ 21-കാരിയായ യുവതിയും 32-കാരനായ കാമുകനും അറസ്റ്റിൽ. ഗാന്ധിനഗറിലെ ദെഹ്ഗാം മേഖലയിലെ അംഗുതല ഗ്രാമത്തിലാണ് സംഭവം. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന കൽപന സോളങ്കിയും കാമുകൻ കൽജിയുമാണ് ദെഹ്ഗാം പൊലീസിന്റെ പിടിയിലായത്.
ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കൽപന, കൽജിയുമായുള്ള ബന്ധത്തിലൂടെയാണ് ഗർഭിണിയായത്. നവംബർ 14-ന് രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാഥമിക ആവശ്യത്തിനായി പോകുകയാണെന്ന് പറഞ്ഞ് യുവതി സമീപത്തെ മേച്ചിൽപ്പുറത്തേക്ക് പോവുകയായിരുന്നു. അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൽജിയുടെ കൈകളിൽ ഏൽപ്പിച്ചു. ഇയാൾ നവജാത ശിശുവിന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിയിൽ ഉപേക്ഷിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സാമൂഹികമായി അപമാനിക്കപ്പെടുമെന്ന ഭയമാണ് ഇരുവരെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാർ ഉടൻതന്നെ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റത്തിനൊപ്പം കുഞ്ഞിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.