20/07/2026
[fontresizer_tawhidurrahmandear_widget]

‘മൂങ്ങ ഇതിലും നന്നായി കാണും’; ഫിഫക്കും അർജന്റീനക്കും ട്രോളുമായി പുത്തൂർ സുവോളജിക്കൽ പാർക്ക്

 ‘മൂങ്ങ ഇതിലും നന്നായി കാണും’; ഫിഫക്കും അർജന്റീനക്കും ട്രോളുമായി പുത്തൂർ സുവോളജിക്കൽ പാർക്ക്

തൃശൂർ: അർജന്റീനയെ പരിഹസിച്ച് വിവാദമായ കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് തൊട്ടുപിന്നാലെ, സമാനമായ ട്രോളുമായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കും രംഗത്ത്. പാർക്കിലെ ‘ഫിഷ് ഔൾ’ (മീൻകൂമൻ) എന്ന ഇനം മൂങ്ങയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി തയ്യാറാക്കിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അർജന്റീനയുടെ പതാകയും ആരാധകരെയും പശ്ചാത്തലമാക്കി, ഫുട്ബോൾ പോസ്റ്റിന് മുകളിൽ ഇരിക്കുന്ന മൂങ്ങയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന പരോക്ഷമായ പരിഹാസ വാചകവും ചിത്രത്തിലുണ്ട്.

“കണ്ണ് തുറന്ന് കാണേണ്ട കാഴ്ചകളൊന്നും മൂങ്ങകൾ മിസ്സ് ചെയ്യാറില്ല..! ഫിഷ് ഔളിനെ കാണാൻ വരൂ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്,” എന്ന അടിക്കുറിപ്പോടെയാണ് പാർക്കിന്റെ ഔദ്യോഗിക പേജിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ശ്രദ്ധ ആകർഷിക്കുന്നതിനായി വേൾഡ് കപ്പ് 2026, അർജന്റീന എന്നീ ഹാഷ്ടാഗുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രൊമോഷൻ തന്ത്രത്തെ ഒരു വിഭാഗം ആളുകൾ പ്രശംസിക്കുമ്പോൾ, പോസ്റ്റിന് താഴെ കടുത്ത മറുപടികളുമായും പ്രതിഷേധവുമായും അർജന്റീന ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.

ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിൽ റഫറിയുടെ ചില തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായിരുന്നു എന്ന തരത്തിൽ ഉയർന്ന വിമർശനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നേരത്തെ കേരള പൊലീസും ട്രോൾ പങ്കുവെച്ചിരുന്നത്. എന്നാൽ ആരാധകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പൊലീസ് ആ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റഫറിയുടെ കാഴ്ചാപരിമിതിയെ പരിഹസിക്കുന്ന രീതിയിൽ പുത്തൂർ പാർക്കും രംഗത്തെത്തിയത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കായ പുത്തൂർ പാർക്ക് കഴിഞ്ഞ വർഷമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പുതിയ പോസ്റ്റ് വൈറലായതോടെ പാർക്കിലേക്ക് സന്ദർശകരുടെ ഒഴുക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Also read: