05/09/2026
[fontresizer_tawhidurrahmandear_widget]

റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല, ലോറികൾ അലക്ഷ്യമായി നിർത്തിയിടുന്നു; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ

 റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല, ലോറികൾ അലക്ഷ്യമായി നിർത്തിയിടുന്നു; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ലോറിയും പ്രദേശത്ത് വെളിച്ചമില്ലാത്തതുമാണെന്ന് ആരോപണം. അപകടസമയത്ത് അനധികൃതമായി മൂന്ന് ലോറികളാണ് റോഡിൽ പാർക്ക് ചെയ്തിരുന്നത്. ദുരന്തത്തിന് പിന്നാലെ ഇതിൽ രണ്ട് ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടതായും നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ വെളിച്ചക്കുറവും ദിശാസൂചിക ബോർഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂർ ഭാഗത്തുനിന്ന് വന്ന കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദാരുണമായ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഡിണ്ടിഗൽ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ 5 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യമായ സിഗ്നലുകൾ നൽകിയിട്ടില്ലെങ്കിൽ ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻപും ഇവിടെ സമാന രീതിയിൽ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും ഹാസ്യനടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നുവെന്നും നാട്ടുകാർ ഓർമ്മിപ്പിച്ചു.

അതേസമയം, ലോറി നിർത്തിയിട്ടതിൽ അനാസ്ഥയുണ്ടെങ്കിൽ അത് കർശനമായി പരിശോധിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധികളോടും അധികൃതരോടും സഹകരിക്കാതെയാണ് നാഷണൽ ഹൈവേ അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും ജനങ്ങളുടെ ജീവന് അവർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു.

“ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിർത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്. അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലോറി നിർത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതിൽ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും”-മന്ത്രി വ്യക്തമാക്കി.

Also read: