02/09/2026
[fontresizer_tawhidurrahmandear_widget]

‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്‌ഛനെയും ജോലിക്കു വിടില്ല’: ഗൃഹപ്രവേശനത്തിന് ഒരു മാസം ബാക്കി; വാഹനാപകടത്തിൽ അനീഷിന് ദാരുണാന്ത്യം

 ‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്‌ഛനെയും ജോലിക്കു വിടില്ല’: ഗൃഹപ്രവേശനത്തിന് ഒരു മാസം ബാക്കി; വാഹനാപകടത്തിൽ അനീഷിന് ദാരുണാന്ത്യം

കല്ലറ: കഷ്ടപ്പെട്ടു പണിതുയർത്തിയ സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശനം നടക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം നാടിന് നൊമ്പരമാകുന്നു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ – 31) ആണ് ടിപ്പർ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.

ഡ്രൈവർ ജോലിയും അതോടൊപ്പം ലഭിക്കുന്ന മറ്റു ജോലികളും ചെയ്താണ് 5 സെന്റിൽ വീടുപണിയാനായി വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത 13 ലക്ഷത്തോളം രൂപയുടെ വായ്പ അനീഷ് അടച്ചുതീർത്തിരുന്നത്. വിവിധ സർക്കാർ പദ്ധതികളിൽ അപേക്ഷിച്ചിട്ടും സഹായം ലഭിക്കാതിരുന്നതോടെയാണ് കടം വാങ്ങി നിർമാണം തുടങ്ങിയത്. അത്യാവശ്യ ജോലികൾ തീർത്ത് അടുത്ത മാസം പുതിയ വീട്ടിലേക്ക് മാറാനിരിക്കെയാണ് വിധി വില്ലനായത്. മാതാപിതാക്കളെയും സഹോദരി അതുല്യയെയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നാട്ടുകാരുടെ പ്രിയങ്കരനായ ഈ ചെറുപ്പക്കാരൻ.

നാട്ടിലെ എല്ലാവർക്കും വലിയ സഹായിയായിരുന്നു അനീഷ്. പിതാവ് കൃഷിപ്പണിക്കും മാതാവ് തൊഴിലുറപ്പു ജോലിക്കുമാണു പോകുന്നത്. പുതിയ വീട്ടിൽ താമസമായാൽ അമ്മയും അച്‌ഛനെയും ജോലിക്കു വിടുന്നില്ലെന്ന് അനീഷ് പറയുമായിരുന്നുവെന്ന് അയൽവാസികൾ ഓർക്കുന്നു.

വെഞ്ഞാറമൂട്ടിൽ ക്വാറിയിൽ നിന്നും ടിപ്പർ ലോറിയെടുത്ത് ഓട്ടത്തിന് പോകാനായി ബൈക്കിൽ സഞ്ചരിക്കവെ ഇന്നലെ രാവിലെ ആറോടെ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്ഷനും അഞ്ചാംകല്ല് ജംക്‌ഷനും ഇടയിലെ വളവിലായിരുന്നു അപകടം. എതിരെ സുഹൃത്ത് ഓടിച്ചു വന്ന ടിപ്പർ ലോറി കണ്ട് അനീഷ് കൈയുയർത്തി കാട്ടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കടിയിൽ പെട്ട അനീഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരിക്കൽ പോലും ജീവിക്കാൻ സാധിക്കാതെ പോയ തന്റെ പുതിയ വീട്ടിലെ ഒരു മുറിയിലാണ് അനീഷിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Also read: