‘ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി, ജീവനായി പോരാടുമ്പോള്‍ ഈ പച്ചക്കള്ളം താങ്ങാനാവില്ല’; റാപ്പിഡോക്കെതിരെ കോഴിക്കോട് സ്വദേശി സാനി കൃഷ്ണ
ബംഗളൂരു: ബംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്‌സി അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി സാനി കൃഷ്‌ണയ്ക്ക് (32) ചികിത്സാ സഹായം നൽകുന്നതിൽ വീഴ്‌ചയെന്ന് പരാതി. ഡ്രൈവറുടെ അശ്രദ്ധ കാരണം ട്രാക്‌ടർ മറികടക്കാൻ ശ്രമിക്കവെ റോഡിൽ വീണ സാനിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. കമ്പനിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ഇവർ റാപ്പിഡോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ സാനിക്ക് സാമ്പത്തിക സഹായം നൽകിയെന്ന തരത്തിൽ വരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് യുവതി തന്നെ രംഗത്തെത്തി.
തനിക്ക് ഇതുവരെ കമ്പനിയിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണെന്നും സാനി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഈ അവസ്ഥയിൽ ക്യാമറയുടെ മുന്നിൽ വരാൻ യാതൊരു താല്പര്യവുമില്ലായിരുന്നു. എന്നാൽ റാപ്പിഡോ എന്നെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഇന്റർനെറ്റിൽ മുഴുവൻ വരുന്ന വാർത്തകൾ കണ്ടപ്പോഴാണ്, വേറെ വഴിയില്ലാതെ ഇങ്ങനെ വന്ന് സംസാരിക്കേണ്ടി വന്നത്. ചികിത്സാചെലവുകൾ മുഴുവൻ അവർ നോക്കുന്നുണ്ടെന്നും, ഹോസ്‌പിറ്റലിൽ വന്ന് നേരിട്ട് കണ്ടു എന്നുമൊക്കെ റാപ്പിഡോ പല മാധ്യമങ്ങളോടും പറയുന്നത് പച്ചക്കള്ളമാണ്. യഥാർഥത്തിൽ ഇന്നുവരെ തങ്ങൾക്ക് റാപ്പിഡോയിൽ നിന്ന് ഒരു രൂപ പോലും സാമ്പത്തിക സഹായം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അവരുടെ ഏക ഓഫർ ഒരു മൈക്രോ ഇൻഷുറൻസ് ആപ്പുമായി പോയി ഫൈറ്റ് ചെയ്യാൻ വക്കീലിനോട് പറയുക എന്നത് മാത്രമായിരുന്നു. സ്വന്തം ഭാഗത്തുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും കൈകഴുകാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. നേരിട്ട് ഒരു സഹായവും നൽകാതെ പ്രസ്‌താവന ഇറക്കുന്നത് അവരുടെ മുഖം നന്നാക്കിയെടുക്കാൻ വേണ്ടി മാത്രമുള്ള വെറുമൊരു നാടകമാണ്,” എന്ന് സാനി കൃഷ്ണ തുറന്നടിച്ചു.
തങ്ങളുടെ പ്ലാറ്റ്ഫോമിൽ യാത്ര ചെയ്‌ത് ജീവിതം തന്നെ തകർന്ന ഒരാളെ ആത്മാർഥമായി സഹായിക്കാൻ കമ്പനിക്ക് ഉദ്ദേശമില്ലെന്നും ഇതുവരെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി കുടുംബം സ്വന്തമായി കണ്ടെത്തുകയായിരുന്നു എന്നും അവർ പറഞ്ഞു. റാപ്പിഡോയ്ക്ക് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് വെറും പ്രസ്‌താവനയിൽ ഒതുങ്ങാതെ ആവശ്യക്കാരിലേക്ക് എത്തണം.
സ്വന്തം ജീവന് വേണ്ടി പോരാടുന്നതിനൊപ്പം തന്നെ സത്യങ്ങൾ തെളിയിക്കാൻ വേണ്ടി കൂടി നിർബന്ധിതയാവുകയാണെന്നും, വേഗം സുഖം പ്രാപിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും സാനി വീഡിയോയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 17-ന് ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു ദാരുണമായ അപകടം. അപകടത്തിൽ യുവതിയുടെ ഏഴു വാരിയെല്ലുകൾ ഒടിയുകയും, പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കും മുഖത്ത് പ്ലാസ്‌റ്റിക് സർജറിക്കും വിധേയയാകേണ്ടി വരികയും ചെയ്തു.