ജോലി ചെയ്യാനുള്ള ശക്തിയില്ലെന്ന് സംയുക്തയോടും മഞ്ജു വാര്യരോടും പറഞ്ഞതാണ്, പക്ഷേ മക്കൾക്കായി അത് ചെയ്തു’-രഹ്ന നവാസ്
ഭർത്താവും പ്രശസ്ത നടനുമായ കലാഭവൻ നവാസിന്റെ വേർപാടിന്റെ കഠിനമായ വേദന ഉള്ളിലൊതുക്കി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെക്കുറിച്ച് തുറന്നെഴുതി നടി രഹ്ന. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘ഹാപ്പി ലൂപ്പ്’ എന്ന സിനിമയിലാണ് രഹ്ന അഭിനയിച്ചത്. നടി സംയുക്ത വർമ്മ വഴിയാണ് മഞ്ജു വാര്യർ തന്നെ ഈ കഥാപാത്രത്തിലേക്ക് ക്ഷണിച്ചതെന്ന് രഹ്ന പറഞ്ഞു. മക്കൾക്ക് വേണ്ടിയാണ് മാനസികമായ ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് അഭിനയിച്ചതെന്നും, തന്റെ അവസ്ഥ മനസ്സിലാക്കി പിന്തുണച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.
“ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു.
സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും ഡയറക്ടർ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ ക്യാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു.” – രഹ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമ്മയുടെ കുറിപ്പിന് താഴെ “ഉമ്മിച്ചി സ്ട്രോങ് ആയില്ലെങ്കിൽ ഞങ്ങൾ ഇല്ല, ശക്തയാകൂ” എന്ന് രഹ്നയുടെയും നവാസിന്റെയും മകൻ രിഹാൻ കുറിച്ചപ്പോൾ, ശക്തയായിരിക്കൂ എന്ന് സംയുക്താ വർമ്മയും കമന്റ് ചെയ്തു.
‘ഗൗതമന്റെ രഥം’, ‘വാഴ’ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാപ്പി ലൂപ്പ്’. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി.കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്.