‘ഞാൻ ഇവിടെ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ ‘അമ്മ’യുടെ തലപ്പത്ത് വരില്ല, അതിനു വേണ്ടി ഏതറ്റം വരെയും പോകും’ -ശ്വേത മേനോൻ
ശ്വേത മേനോൻ
കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ സെക്രട്ടറി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ലെന്നും കുറിപ്പിൽ പറയുന്നു. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.
താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെന്ന് മറച്ചു വയ്ക്കേണ്ട കാര്യമെന്താണെന്നും അമ്മയിൽ രാഷ്ടീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ പോലും ചർച്ച ചെയ്യുന്നില്ലെന്നും ശ്വേത വ്യക്തമാക്കി. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണെന്നും അവർക്കെതിരെയുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ശ്വേത വ്യക്തമാക്കി.
ശ്വേതയുടെ കുറിപ്പ്:
ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. ആരെങ്കിലും ഈ ആരോപണത്തിനു പിന്നിലെ ലോജിക് ഒന്നു വിശദീകരിക്കാമോ?
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എൻ്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ല. അതിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നുറപ്പ്.
എന്നെ ഭീഷണിപ്പെടുത്താനാവില്ല.
എന്നെ നിശ്ശബ്ദയാക്കാനുമാവില്ല.
ഞാൻ കീഴടങ്ങില്ല.
ഞാൻ പിന്മാറില്ല.
സത്യം കേൾക്കപ്പെടണം.
AMMA-യ്ക്ക് ഇതിലും നല്ലത് ലഭിക്കണം.
ശ്വേത മേനോൻ
അമ്മ പ്രസിഡന്റ്’’