‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേശ് പിഷാരടി
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി. ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയതെന്ന് പിഷാരടി വ്യക്തമാക്കി. നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണ് തന്നെ ഈ കേസിൽ എതിർകക്ഷിയാക്കി ചേർത്തിട്ടുള്ളതെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താൽക്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നൽകിയ ഹർജിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് പിഷാരടിയുടെ ആവശ്യം.
അഡ്ഹോക് കമ്മിറ്റിയുടെ തലപ്പത്തുനിന്ന് താൻ സ്വമേധയാ ഒഴിഞ്ഞിരുന്നുവെന്നും, അതിനാൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷം താൻ പാലക്കാട്ടേക്ക് മടങ്ങിയതായി പിഷാരടി വ്യക്തമാക്കുന്നു. അതിനുശേഷം സംഘടനയ്ക്കുള്ളിൽ എന്തൊക്കെ ഉണ്ടായെന്ന് തനിക്കറിയില്ല.
പിന്നീട് ശ്വേത മേനോനെതിരെ കണക്കുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതായും, തുടർന്ന് ശ്വേത ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു മടങ്ങിയതായും ചില മുതിർന്ന അംഗങ്ങൾ വിളിച്ചുപറയുകയായിരുന്നു. പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ച സാഹചര്യത്തിൽ അടുത്ത ഭാരവാഹികൾ വരുന്നതുവരെ താൽക്കാലികമായി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയാണെന്നും, ഇതിന് നേതൃത്വം നൽകണമെന്നും മുതിർന്ന അംഗങ്ങൾ അഭ്യർത്ഥിച്ചപ്പോഴാണ് സംഘടനയുടെ നന്മ കരുതി സമ്മതിച്ചതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം അഡ്ഹോക് കമ്മിറ്റി യോഗം ചേർന്നപ്പോഴാണ്, പ്രത്യേകിച്ച് ഒരു എം.എൽ.എ. ആയിരിക്കുന്ന സാഹചര്യത്തിൽ ഈ പദവി തനിക്ക് ചേരില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് നേതൃത്വം നൽകാൻ ആവശ്യപ്പെട്ട മുതിർന്ന അംഗങ്ങളെ വിവരമറിയിച്ച് പിന്മാറുകയായിരുന്നു. അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ‘അമ്മ’യുടെ രേഖകളോ മിനിറ്റ്സോ താൻ കൈപ്പറ്റുകയോ കൈവശം വെക്കുകയോ ചെയ്തിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ ശ്വേത മേനോൻ തന്നെ എതിർകക്ഷിയാക്കി കേസ് കൊടുത്തതിലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചതിലും യാതൊരു ന്യായീകരണവുമില്ലെന്നും തനിക്കെതിരെ കേസ് നിലനിൽക്കില്ലെന്നും പിഷാരടി വ്യക്തമാക്കുന്നു.