27/09/2026
[fontresizer_tawhidurrahmandear_widget]

‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; പൊതുവേദിയില്‍ അവതാരകയെ കളിയാക്കിയ ഉർവശിയെ വിമർശിച്ച് സുപ്രിയ മേനോൻ

 ‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; പൊതുവേദിയില്‍ അവതാരകയെ കളിയാക്കിയ ഉർവശിയെ വിമർശിച്ച് സുപ്രിയ മേനോൻ

കൊച്ചി: ‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ ഭാഷാ തർക്കം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പരിപാടിക്കിടെ അവതാരകയോട് ഉർവശി നടത്തിയ പരാമർശവും തുടർന്നുണ്ടായ പ്രതികരണങ്ങളും ശ്രദ്ധ നേടുന്നതിനിടെ, സംഭവത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ.

അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പിന് താഴെ കമന്റായാണ് സുപ്രിയ മേനോൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. വിമർശനങ്ങൾ സ്വകാര്യമായി ഉന്നയിക്കാമെങ്കിലും മറ്റുള്ളവർക്ക് നൽകേണ്ട ബഹുമാനം എപ്പോഴും പരസ്യമായിരിക്കണമെന്നും, സാഹചര്യം കൈകാര്യം ചെയ്ത ദക്ഷയുടെ പ്രൊഫഷണലിസം അഭിനന്ദനമർഹിക്കുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്വന്തം നിലപാട് വ്യക്തമാക്കാൻ മറ്റൊരാളുടെ തൊഴിലിനെയോ കഴിവിനെയോ ചെറുതാക്കി കാണിക്കരുതെന്നും അതിലുണ്ടായിരുന്നു.

ഈ കുറിപ്പിന് താഴെ പൊതുമധ്യത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ചൊല്ലി മലയാളികൾ പുലർത്തുന്ന ഇരട്ടത്താപ്പിനെ ചോദ്യം ചെയ്താണ് സുപ്രിയ മേനോൻ രംഗത്തെത്തിയത്. വർഷങ്ങളായി താൻ നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സുപ്രിയ സംസാരിച്ചത്.

“ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ പലതും കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, എനിക്ക് ഇത് എപ്പോഴും വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും അയച്ചാണ് പഠിപ്പിക്കുന്നത്. ജോലിക്ക് ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു. എന്നിട്ടും, ഒരാൾ പൊതുസ്ഥലത്ത് ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തിനാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മാതൃഭാഷയായ മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു” സുപ്രിയ കുറിച്ചു.

വേദിയിലെത്തിയ അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതാണ് ഉർവശിയെ ചൊടിപ്പിച്ചത്. “കൊച്ചേ കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്ന് കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായി വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെയൊന്ന് രക്ഷപ്പെടുത്തൂ” ഉർവശി പരിഹാസരൂപേണ പറഞ്ഞു.

തുടർന്ന് ‘ഐ ആം ദി സോറി ചേച്ചി’ എന്ന് അവതാരക ദക്ഷ മറുപടി നൽകിയെങ്കിലും, സോറി പറയാൻ മാത്രം മോശമായിട്ടൊന്നുമില്ലെന്നും, നമ്മൾ നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ എല്ലാവർക്കും മനസ്സിലാകുമല്ലോ എന്നും ഉർവശി കൂട്ടിച്ചേർക്കുകയായിരുന്നു.

Also read: