‘മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്നാണ് സനൽ പറയുന്നത്; മഞ്ജു ആ ഫോൺ സംഭാഷണം പുറത്തുവിടണം’: മാലാ പാർവതി
തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് സംവിധായകൻ സനൽകുമാർ ശശിധരനെ കർശനമായി താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ നടി മഞ്ജു വാരിയർ കോടതിക്ക് കൈമാറിയതായി വെളിപ്പെടുത്തി നടി മാലാ പാർവതി. മഞ്ജുവും സഹോദരൻ മധുവും സനലിന് താക്കീത് നൽകുന്ന ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വന്തം മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഈ ഓഡിയോ ക്ലിപ്പുകൾ പൊതുസമക്ഷത്തിൽ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് വ്യക്തമാക്കിയതായും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം അദ്ദേഹത്തിന്റെ അവകാശമാണെങ്കിലും, മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന അദ്ദേഹത്തിന്റെ വാദം വെറും ജൽപനം മാത്രമാണെന്ന് മാലാ പാർവതി വിമർശിച്ചു. തങ്ങളെ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് പറയുന്നതും, എതിരുനിൽക്കുന്നവരെയെല്ലാം മാഫിയ എന്ന് വിളിക്കുന്നതും ഭ്രാന്തമായ അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ മഞ്ജുവിന്റെ ഭാഗം കേൾക്കാൻ ഒന്നിലധികം തവണ താൻ സംസാരിച്ചിരുന്നു. അതിരുകടന്ന പ്രണയാഭ്യർഥന സഹിക്കാനാവാതെ മഞ്ജുവും സഹോദരനും കർശനമായി സംസാരിച്ച ഫോൺ സംഭാഷണം കൈവശമുണ്ടെന്നും അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മഞ്ജു അറിയിച്ചു. എന്നാൽ ആ ഫോൺ സംഭാഷണം മഞ്ജു എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്ന് മാലാ പാർവതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന്റെ മുന്നിൽ ബാനർ കെട്ടി ഏഴു വർഷമായി ഇതേ കഥകൾ സനൽ ആവർത്തിക്കുകയാണെന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടി. മഞ്ജുവിനെ അപമാനിക്കാനായി ഒരു തമിഴ് സ്ത്രീയുടെ ശബ്ദം നിരന്തരം കേൾപ്പിക്കുന്നുണ്ട്. മഞ്ജുവിന്റെ ശബ്ദവുമായി യാതൊരു ബന്ധവുമില്ലാത്ത ആ ശബ്ദം മഞ്ജുവിന്റേതാണെന്നും ശബ്ദം മാറ്റി സംസാരിക്കുന്നതാണെന്നും ഇയാൾ ആരോപിക്കുന്നു. തന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ശബ്ദം ആരുടേതാണെന്ന് അറിയാൻ താല്പര്യമുണ്ടെന്ന് മഞ്ജു ചിരിച്ചുകൊണ്ടാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.
സനൽ പ്രചരിപ്പിക്കുന്ന വോയ്സ് നോട്ട് എത്രയും പെട്ടെന്ന് പോലീസിൽ ഏൽപ്പിക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു. നെറ്റ് കോൾ ആണെങ്കിലും യു.ആർ.എൽ വെച്ച് ട്രേസ് ചെയ്യാനാകും. അക്കൗണ്ട് അല്ലെങ്കിൽ യൂസർ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, അക്കൗണ്ട് ഉണ്ടാക്കിയ തീയതി, ലോഗിൻ വിവരങ്ങൾ, ഐ.പി അഡ്രസ്, ഉപകരണം സംബന്ധിച്ച വിവരങ്ങൾ, ഔദ്യോഗിക നിയമ നടപടികൾക്കായി വിവരങ്ങൾ സൂക്ഷിച്ചുവെക്കുക തുടങ്ങി ലഭ്യമായ എല്ലാ തെളിവുകളും സനൽ സൈബർ പോലീസിന് കൈമാറി തെളിയിക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.