‘ശരിയായ പങ്കാളിക്കായുള്ള കാത്തിരിപ്പിൽ നീണ്ടുപോയി’; എഗ്ഗ് ഫ്രീസിങ് ചെയ്തതായി വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി
കോട്ടക്കൽ: താൻ എഗ്ഗ് ഫ്രീസിങ് പ്രൊസീജിയർ പൂർത്തിയാക്കിയ വിവരവുമായി നടി സുരഭി ലക്ഷ്മി. കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐവിഎഫ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് താരം ഈ പ്രക്രിയ ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുരഭി തന്റെ അനുഭവം തുറന്നുപറഞ്ഞത്.
“20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. ഒരുപാട് നാളായി എഗ്ഗ് ഫ്രീസ് ചെയ്യണമെന്ന് കരുതുന്നുണ്ടായിരുന്നു. ഞാൻ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോൾ പ്രൊസീജിയർ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും. ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്,” സുരഭി വീഡിയോയിൽ പറഞ്ഞു.
തനിക്ക് പൂർണ്ണ പിന്തുണ നൽകിയ ഡോ. അശ്വതി കുമാരനും ആസ്റ്റർ മിംസ് മിറാക്കിൾ ടീമിനും സുരഭി ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി.