‘ഞങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നത് അദ്ദേഹത്തിന്റെ എളിമ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ
കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. തങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ചും മമ്മൂട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ചും സംസാരിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സ്നേഹവും സൗഹൃദവും സ്വാഭാവികമാണെന്നും എന്നാൽ എളിമ എന്നത് അപൂർവ്വമായ ഒന്നാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും മമ്മൂട്ടി പുലർത്തുന്ന എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്നും, മമ്മൂക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് പ്രത്യേകമായൊരു സുഖമാണെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു.
മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടി, പട്ടേൽ പ്രതിമ സന്ദർശിച്ചത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മമ്മൂട്ടി സംഘപരിവാർ നേതാക്കളുമായി ചേർന്നുനിൽക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“സ്നേഹം സൗഹൃദം സ്വാഭാവികം ആണ്. പക്ഷെ എളിമ അത് അപൂർവ്വം ആണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്”