മണ്ണിലിറങ്ങി പൊന്നുവിളയിച്ച ആറാം ക്ലാസുകാരൻ; ‘മികച്ച വിദ്യാർഥി കർഷകൻ ആദിത്യന് വീട് നിർമ്മിച്ച് നൽകും’; പ്രഖ്യാപനവുമായി മന്ത്രി ടി. സിദ്ദിഖ്
കളമശ്ശേരി: സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം നേടിയ ചേർത്തല സ്വദേശിയായ കൊച്ചുകർഷകൻ ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീടുനിർമ്മിച്ചു നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. കളമശ്ശേരി ആഷിസ് കൺവെൻഷൻ സെൻ്ററിൽ നടന്ന സംസ്ഥാനതല കർഷക ദിനാഘോഷ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക കേരളത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്ന വിദ്യാർഥികളുടെ മികച്ച പ്രതിനിധിയാണ് അവാർഡ് ജേതാവായ ആദിത്യനെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തമായി വീടില്ലാതെ ഒരു ഒറ്റമുറിയിലാണ് ആദിത്യനും കുടുംബവും നിലവിൽ താമസിക്കുന്നത്.
ചേർത്തല അരീപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും അജയൻ-സജിത ദമ്പതികളുടെ ഏക മകനുമാണ് ഈ മിടുക്കൻ. 44 സെന്റ് സ്ഥലത്തെ നെൽകൃഷിക്ക് പുറമെ, 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി, അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും ആദിത്യൻ മികച്ച രീതിയിൽ ചെയ്തുവരുന്നുണ്ട്.
മാതാപിതാക്കളിൽനിന്ന് കൃഷിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ഈ കുട്ടി കർഷകൻ ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ നേടി നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ഭാവിയിൽ കാർഷിക രംഗത്ത് ഉന്നത ബിരുദം നേടി മികച്ചൊരു കർഷകനാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ആദിത്യൻ പറഞ്ഞു.
അതേസമയം, നാളത്തെ കൃഷിക്ക് ഇന്നത്തെ കുട്ടികളിലൂടെ അടിത്തറയിടുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ 2,500 സ്‌കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലോകഭക്ഷ്യദിനമായ ഒക്ടോബർ 16-ന് തുടക്കമിടുന്ന ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ നടൻ മോഹൻലാലാണ്.
ഇതിനുപുറമെ 2,921 വിദ്യാലയങ്ങളിൽ ഫലവൃക്ഷകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ‘കനിപ്പന്തൽ’ പദ്ധതിയും നടപ്പാക്കും. കുട്ടികളെ കൃഷിയിലേക്ക് നയിക്കുന്നതിലൂടെ ലഹരി ഉൾപ്പെടെയുള്ള ദുഷ്‌പ്രവണതകളിൽനിന്ന് അവരെ അകറ്റി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുക എന്ന വലിയൊരു സാമൂഹിക ലക്ഷ്യം കൂടി സർക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.