10/06/2026
[fontresizer_tawhidurrahmandear_widget]

മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് വിട

 മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് വിട

മലയാളികളുടെ പ്രിയനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെയായിരുന്നു അന്ത്യം.
ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കരുത്തുറ്റ സ്വഭാവനടനായി മാറിയ പ്രതിഭയായിരുന്നു സലിംകുമാർ. 2010-ൽ പുറത്തിറങ്ങിയ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി.
1969 ഒക്ടോബർ 10ന് എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് ജനനം. മാല്യങ്കര എസ്.എൻ.എം കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനകാലത്ത് മിമിക്രി മത്സരങ്ങളിൽ സജീവമായിരുന്ന അദ്ദേഹം എം.ജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലൂടെയാണ് വേദികളിൽ ശ്രദ്ധേയനായത്.
1996ൽ പുറത്തിറങ്ങിയ ’ഇഷ്ടമാണ് നൂറുവട്ടം’ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. 2000-ൽ പുറത്തിറങ്ങിയ ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലെ പ്രകടനം സലിംകുമാറിന്റെ സിനിമാ ജീവിതത്തിൽ വലിയ വഴിത്തിരിവായി. കല്യാണരാമൻ, സി.ഐ.ഡി മൂസ, മായാവി, മീശമാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ മൂന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അനശ്വരമാക്കിയ ഹാസ്യകഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ഹാസ്യത്തിനപ്പുറം ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും, ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലൂടെ 2013-ൽ മികച്ച ഹാസ്യനടനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തിന് പുറമെ ‘കറുത്ത ജൂതൻ’, ‘കംപാർട്മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടി.
തനതായ ശൈലിയിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ പ്രതിഭയ്ക്കാണ് സലിംകുമാറിന്റെ വിയോഗത്തോടെ സിനിമാലോകവും പ്രേക്ഷകരും വിടചൊല്ലുന്നത്.
ദേശീയ ചലച്ചിത്ര പുരസ്കാരം(മികച്ച നടൻ – 2010), സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മികച്ച നടൻ – 2010, മികച്ച രണ്ടാമത്തെ നടൻ – 2005, മികച്ച ഹാസ്യനടൻ – 2013, മികച്ച കഥാകൃത്ത് – 2016) തുടങ്ങിയവയാണ് പ്രധാന പുരസ്കാരങ്ങൾ.
ഭാര്യ: സുനിത, മക്കൾ: ചന്തു, ആരോമൽ.

Also read: