‘പ്രളയത്തിൽ വീടിന്റെ മുറികളെല്ലാം ഞങ്ങൾക്ക് തുറന്നുതന്നു, എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്’; കണ്ണീരോടെ നാട്ടുകാർ
കൊച്ചി: അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിട്ടില്ല. അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള ‘ലാഫിങ് വില്ല’ എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്.
2018-ലെ മഹാപ്രളയകാലത്ത് അദ്ദേഹം കാണിച്ച കാരുണ്യപ്രവർത്തികളെ വടക്കൻ പറവൂരിലെ ജനങ്ങൾ ഇന്നും ഏറെ സ്നേഹത്തോടെയാണ് അനുസ്‌മരിക്കുന്നത്. പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻകണക്കിന് ആളുകൾക്കായി സലിംകുമാർ തൻ്റെ വീടിൻ്റെ വാതിലുകൾ തുറന്നുനൽകുകയായിരുന്നു. വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നാൽപ്പത്തിയഞ്ചോളം ആളുകളാണ് സലിം കുമാറിന്റെ വീട്ടിൽ അന്ന് അഭയം പ്രാപിച്ചതെന്ന് അദ്ദേഹത്തിന്റെ അയൽവാസികളിലൊരാൾ ഓർത്തെടുത്തു.
“അദ്ദേഹം അപ്പോൾ വീടൊഴിഞ്ഞ് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ അവിടെത്തങ്ങാൻ അനുവദിക്കുകയും ഞങ്ങൾക്കൊപ്പം തന്നെ തുടരുകയും ചെയ്‌തു,” അയൽവാസി പറഞ്ഞു. ഒരു മുറി മാത്രം പൂട്ടിയിട്ട്, വീടിൻ്റെ ബാക്കി എല്ലാ മുറികളും സലിം കുമാർ തങ്ങൾക്കായി തുറന്നുതന്നു. പ്രളയബാധിതർക്കൊപ്പം മൂന്നുദിവസത്തോളം അദ്ദേഹം ആ വീട്ടിൽത്തന്നെയാണ് കഴിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷ്യസാധനങ്ങൾ അദ്ദേഹം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തോളം ആ സാധനങ്ങൾ കൊണ്ടാണ് തങ്ങൾ വിശപ്പടക്കിയതെന്നും അയൽവാസി വ്യക്തമാക്കി.
പ്രളയജലം ക്രമേണ വീടിൻ്റെ താഴത്തെ നിലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ, അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റുന്നതിനായി സലിം കുമാർ അധികൃതരുടെ സഹായം തേടി. “ഞങ്ങളെയെല്ലാം ബോട്ടിൽ കയറ്റി മാറ്റിയതിന് ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതുവരെ അദ്ദേഹം ഞങ്ങൾക്കൊപ്പം തന്നെ നിന്നു. വീടിൻ്റെ ഗേറ്റുകൾ എപ്പോഴും തുറന്നുകിടന്നിരുന്നു, സഹായത്തിനായി ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു,” പ്രദേശവാസി വിതുമ്പലോടെ ഓർത്തെടുത്തു.