‘കുറ്റം എത്ര ഗുരുതരമായാലും വിചാരണ വൈകിയാൽ ജാമ്യം സ്വാഭാവിക നീതി’; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ വിയോജിപ്പുമായി സുപ്രിംകോടതി
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്.
ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചിരുന്നു. ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശവും മുന്നോട്ടുവെച്ചു. എന്നാൽ, ഈ ഉത്തരവ് സുപ്രിംകോടതിയുടെ തന്നെ മൂന്നംഗ ബെഞ്ചിന്റെ ചരിത്രപരമായ ‘യൂണിയൻ ഓഫ് ഇന്ത്യ-കെ.എ നജീബ്’ വിധിയിലെ മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. വലിയ ബെഞ്ചുകളുടെ ഉത്തരവുകൾ മറികടക്കാൻ ചെറിയ ബെഞ്ചുകൾക്ക് അധികാരമില്ലെന്നും, ഇത് ജുഡീഷ്യൽ അച്ചടക്കത്തിന് നിരക്കാത്തതാണെന്നും കോടതി വിമർശിച്ചു.
യുഎപിഎ നിയമത്തിലെ കർശനമായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഒരാളെ വിചാരണ പൂർത്തിയാകാതെ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടച്ചിടാൻ കഴിയില്ല. കടുത്ത നിയമങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള ‘വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം’ നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020 സെപ്റ്റംബറിലാണ് യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പലതവണ കീഴ്ക്കോടതികളും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സമർപ്പിച്ച പുനഃപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.