20/07/2026
[fontresizer_tawhidurrahmandear_widget]

‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം

 ‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര സമുദായക്കാരെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് സംഘപരിവാറിന് മുന്നിലുള്ള പരിപൂർണമായ കീഴടങ്ങലാണെന്നും ഹൈക്കോടതിയിൽ ഹരജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്റെ പൂർണമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. മുസ്‌ലിം ഇതര മതസ്ഥരെ നിയമിച്ചില്ലെന്ന പേരിൽ ബോർഡിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിച്ചേക്കും.

സർക്കാർ ബിജെപി നേതാവിനൊപ്പം ഹൈക്കോടതിയിൽ ഒത്തുകളിച്ചെന്നും വിഷയത്തിൽ ലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ പ്രതികരിച്ചു. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: