കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കരാറുകള്‍ ‘പിടിച്ചടക്കി’ അദാനി ഗ്രൂപ്പ്; 5 ലക്ഷം കോടിയുടെ വമ്പന്‍ നിക്ഷേപം
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്. റോഡ്, തുറമുഖം, വൈദ്യുതി, പുനരുപയോഗ ഊർജം, സിമന്റ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലകളിലാണ് വമ്പൻ പദ്ധതികൾ വരുന്നത്.
സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ സ്വകാര്യ മൂലധനത്തെ ആശ്രയിക്കുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ അതിർവരമ്പുകൾക്കപ്പുറം കർണാടക, തെലങ്കാന, കേരളം, തമിഴ്‌നാട്, ബിഹാർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ നിക്ഷേപങ്ങളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
കർണാടകയിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഹെബ്ബാൾ-സെൻട്രൽ സിൽക്ക് ബോർഡ് 16.75 കിലോമീറ്റർ തുരങ്കപാത നിർമ്മാണത്തിനായി 22,267 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത് അദാനി എന്റർപ്രൈസസ് ആണ്. കൂടാതെ 1,200 മെഗാവാട്ട് ഉഡുപ്പി പവർ പ്ലാന്റ്, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം എന്നിവയും കർണാടകയിൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുണ്ട്. കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായി 16,000 കോടി രൂപ കൂടി നിക്ഷേപിച്ച് പദ്ധതിയിലെ ആകെ നിക്ഷേപം 30,000 കോടിയായി ഉയർത്തിയതിനൊപ്പം, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും കൊച്ചി കളമശ്ശേരിയിൽ 1,500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 600 കോടിയുടെ ലോജിസ്റ്റിക്സ് പാർക്കും അദാനി ഗ്രൂപ്പ് വികസിപ്പിക്കുന്നുണ്ട്.
തെലങ്കാനയിൽ ഡാറ്റാ സെന്ററുകൾ, ഊർജ്ജ സംഭരണം, പ്രതിരോധ ഉൽപ്പാദനം എന്നിവയ്ക്കായി 12,400 കോടി രൂപയുടെ നാല് ധാരണാപത്രങ്ങളിലാണ് കോൺഗ്രസ് സർക്കാർ ഒപ്പുവെച്ചത്. തമിഴ്നാട്ടിൽ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ, ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ, സിമന്റ് പ്ലാന്റുകൾ എന്നിവയ്ക്കായി 42,700 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് പുറമെ, 2,511 കോടി രൂപയ്ക്ക് ചെന്നൈ ഔട്ടർ റിംഗ് റോഡിന്റെ നടത്തിപ്പ് കരാറും അദാനി സ്വന്തമാക്കി.
ഹിമാചൽ പ്രദേശിൽ ആപ്പിൾ കർഷകരുടെ സപ്ലൈ ചെയിൻ സഹായവും സിമന്റ് ബിസിനസ്സും നടത്തുന്ന ഗ്രൂപ്പ്, ജാർഖണ്ഡിൽ 16,000 കോടിയിലധികം രൂപ മുടക്കി 1,600 മെഗാവാട്ട് ഗോഡ്ഡ അൾട്രാ-സൂപ്പർക്രിട്ടിക്കൽ പവർ പ്ലാന്റ് വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ബിഹാറിൽ അടുത്ത 3-4 വർഷത്തിനുള്ളിൽ ഭഗൽപൂരിലെ പിർപൈന്റിയിലുള്ള 27,000 കോടിയുടെ താപവൈദ്യുത നിലയം ഉൾപ്പെടെ 50,000 മുതൽ 60,000 കോടി രൂപ വരെ നിക്ഷേപിക്കാനാണ് തീരുമാനം. കൂടാതെ, വിശാഖപട്ടണത്ത് ഗൂഗിൾ നിർമ്മിക്കുന്ന എ.ഐ ഹബ്ബിൽ അദാനി കണക്സ് പ്രധാന ഇൻഫ്രാസ്ട്രക്ചർ പങ്കാളിയായതിനൊപ്പം, കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖമായ കൃഷ്ണപട്ടണം പോർട്ടിന്റെ പ്രവർത്തനവും പുനരുപയോഗ ഊർജ്ജ മേഖലയിൽ 20,000 കോടിയിലധികം രൂപയുടെ പദ്ധതികളും ആന്ധ്രയിൽ ഗ്രൂപ്പ് നടത്തുന്നുണ്ട്.