02/09/2026
[fontresizer_tawhidurrahmandear_widget]

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പോര് ശക്തം; നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകാൻ സിപിഐ

 പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പോര് ശക്തം; നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകാൻ സിപിഐ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആലോചനകൾ സിപിഐക്കുള്ളിൽ സജീവമായി. ഇതോടെ ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങൾ നിർണായകമാകും.

പ്രത്യേക ബ്ലോക്ക് ആകാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘സിപിഐക്ക് ഇപ്പോൾ അറിയില്ല’ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ എൽഡിഎഫിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതപ്പെട്ടതാണ് തങ്ങൾ ചോദിച്ചതെന്ന് സിപിഐ നേതാവ് കെ. രാജനും പ്രതികരിച്ചു. പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും എൽഡിഎഫ് ഭിന്നിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവിന്റെ പേര് താൻ എഴുതി നൽകിയാൽ അത് സിപിഎം നേതാവായിരിക്കുമെന്ന പിണറായി വിജയന്റെ പരാമർശവും ദേശാഭിമാനി വഴി സി.എൻ. മോഹനനെ ഉപയോഗിച്ച് സിപിഐയെ കടന്നാക്രമിച്ചതും പാർട്ടിയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നാണ് സിപിഐയിലെ പൊതുവികാരം. പാർട്ടി പത്രം വഴി പോലും പരിഹസിക്കുന്ന സിപിഎമ്മിനോട് ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. അതിനാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചാൽ അത് മുന്നണി ബന്ധത്തിൽ വലിയ ഉലച്ചിലുണ്ടാക്കും. നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും സിപിഐയുടെ ഈ നിലപാടുകൾ സജീവ ചർച്ചയാകും.

Also read: