മൊഴി മാത്രം പോരാ, തെളിവ് വേണം; പോക്സോ ദുരുപയോഗത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം
പത്തനംതിട്ട: കുട്ടികൾ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മാത്രം പോക്സോ (POCSO) കേസിൽ പ്രതി കുറ്റക്കാരനാണെന്ന് മുൻകൂട്ടി അനുമാനിച്ച് നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ അടിസ്ഥാനപരമായ വസ്തുതകൾ പ്രോസിക്യൂഷൻ കൃത്യമായി തെളിയിക്കുകയോ, കുട്ടിയുടെ മൊഴി പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് ബോധ്യപ്പെടുകയോ ചെയ്യേണ്ടതുണ്ട്. അടിസ്ഥാന വിവരങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രതിയെ കുറ്റക്കാരനായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്ന പോക്സോ നിയമത്തിലെ 29-ാം വകുപ്പ് വ്യാഖ്യാനിച്ചുകൊണ്ടാണ്, ഇത് അന്ധമായി പ്രയോഗിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചത്.
വൈവാഹിക തർക്കങ്ങൾ നിലനിൽക്കുന്ന കേസുകളിൽ ഉൾപ്പെടെ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് സുപ്രീം കോടതി അടുത്തിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സ്കൂൾ കുട്ടികളും യുവാക്കളും പ്രതികളോ ഇരകളോ ആകുന്ന പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.
എന്താണ് പോക്സോ നിയമം?
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി 2012 നവംബർ 14-നാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (POCSO) നിയമം രാജ്യത്ത് നിലവിൽ വന്നത്.
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾ തടയുക, കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നതും അവരെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നതും തടയുക, ഇത്തരം കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികളും പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളോട് ദയവോടെയും ബാലസൗഹൃദപരമായും പെരുമാറുന്ന അന്വേഷണ-വിചാരണ രീതിയാണ് നിയമം വിഭാവനം ചെയ്യുന്നത്. തുടർന്ന് 2019-ൽ വരുത്തിയ ഭേദഗതിയിലൂടെ അതീവ ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെയുള്ള കടുത്ത ശിക്ഷാ വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.