‘വിദ്യാർത്ഥികൾക്കെതിരായ കേസുകൾ റദ്ദാക്കാം’; പ്രക്ഷോഭകർക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനും സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനും വഴിതുറന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നേരത്തെ ജൂലൈ 28-ലെ കോടതി ഉത്തരവിൽ കേസന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് പരാമർശിച്ചിരുന്നത് വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കുന്നതിന് നിയമതടസ്സമാകുമോ എന്ന് കേന്ദ്ര സർക്കാറും സി.ജെ.പി പ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചപ്പോഴാണ്, വിദ്യാർത്ഥികൾക്കെതിരായ അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നതിനോ എഫ്.ഐ.ആർ പൂർണ്ണമായി പിൻവലിക്കുന്നതിനോ മുൻപത്തെ ഉത്തരവ് തടസ്സമല്ലെന്ന് ബെഞ്ച് വ്യക്തമാക്കിയത്.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് നീരീക്ഷിച്ച കോടതി, സാധാരണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരായി കാണരുതെന്നും ചൂണ്ടിക്കാട്ടി. കൊലപാതകം, ബലാത്സംഗം പോലെയുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മാത്രമേ അത്തരം വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ എന്നും വ്യക്തമാക്കിയതോടെ കേസുകൾ മൂലം വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും തൊഴിലവസരങ്ങൾക്കും തടസ്സമുണ്ടാകില്ലെന്ന് ഉറപ്പായി. കേസുകൾ പിൻവലിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കുമെന്നും നൽകിയ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആരോപിച്ച് ജൂലൈ 20 മുതൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് കടുത്ത ബലപ്രയോഗം നടത്തിയെന്ന ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഡൽഹി, അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നടന്ന പോലീസ് അതിക്രമങ്ങൾ, പെല്ലറ്റ് ഗൺ, ഷോക്ക് ബറ്റോൺ, ആണിയടിച്ച ലാത്തികൾ എന്നിവയുടെ ഉപയോഗം, അഭിഭാഷകന് നേരെയുണ്ടായ ആക്രമണം, വനിതാ പ്രതിഷേധക്കാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങൾ എന്നിവയായിരുന്നു ഹരജിയിലെ പ്രധാന ആരോപണങ്ങൾ.