‘മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കുന്നു, മോദിജിക്ക് നന്ദി’; മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് അഭിജിത് ദിപ്കെ
അഭിജിത് ദിപ്കെ
ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. അണുബാധ മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ആദിവാസി കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ദിപ്കെയെ ബാലഘട്ടിൽ വെച്ച് ചിലർ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യ രാജിക്കത്ത് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയായിരുന്നു.
“മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം തന്ന ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നന്ദി പറയുന്നു. ആ ഉത്തരവാദിത്തത്തിൽ ഞാൻ വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു,” എന്ന് രാജിപോസ്റ്റിൽ ദിപ്കെ പരിഹസിച്ചു. സാഗറിലെ വ്യാജമദ്യ ദുരന്തം, ബാലഘട്ടിലെ അണുബാധ മരണങ്ങൾ എന്നിവയുൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടാനായിരുന്നു ഈ ശ്രമം.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 55,795 ആദിവാസി വീടുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്നും, എൻ.സി.ആർ.ബി കണക്കനുസരിച്ച് രാജ്യത്ത് ആദിവാസികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 32 ശതമാനവും മധ്യപ്രദേശിലാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. കൂടാതെ അഞ്ചര ലക്ഷത്തോളം കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നവരാണെന്ന വസ്തുതയും തന്റെ ‘സർക്കാരിന്റെ പരാജയമായി’ ദിപ്കെ പരിഹാസരൂപേണ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, രോഗബാധ മൂലം കുട്ടികൾ മരിച്ച ബാലഘട്ടിലെ അഡോരി, കോർക്ക, ബോണ്ടരി ഗ്രാമങ്ങൾ സന്ദർശിച്ച ദിപ്കെയ്ക്ക് നേരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. നിങ്ങൾ ഇവിടെ “ശവങ്ങളുടെമേൽ രാഷ്ട്രീയം കളിക്കാൻ” വന്നതാണോ എന്നും വൈകി വന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച് ഒരു വനിത രംഗത്തെത്തിയിരുന്നു. “ഇവിടെ നല്ലൊരു റോഡ് നിർമ്മിച്ചിട്ടുണ്ട്, അത് കാണാൻ കഴിയുന്നില്ലേ?” എന്നും അവർ ചോദ്യമുയർത്തി. പ്രതിഷേധം ശക്തമായതോടെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ അദ്ദേഹത്തെ മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സാഗർ ജില്ലയിലെ ബന്ദാ മേഖലയിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച സംഭവവും സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു.