യുപിഐ ഇടപാടുകൾക്ക് ഫീസ്: ‘അമേരിക്കൻ കമ്പനികളുടെ സമ്മർദത്തിന് പ്രധാനമന്ത്രി കീഴടങ്ങി’; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ അനുമതി നൽകിയതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്കുമേൽ കൂടുതൽ ഫീസ് ചുമത്താനുള്ള വഴിയൊരുക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
2,000 രൂപ വരെയുള്ള യു.പി.ഐ. ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ യാതൊരു ഫീസും ഈടാക്കരുതെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ആകെ ഇടപാടുകളുടെ 96 ശതമാനത്തെ ബാധിക്കില്ലെങ്കിലും, 2,000 രൂപയ്ക്ക് മുകളിലുള്ള ബാക്കി നാല്-അഞ്ച് ശതമാനം ഇടപാടുകൾ മൊത്തം ഇടപാട് മൂല്യത്തിന്റെ 65 ശതമാനത്തോളം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളിൽനിന്ന് നേരിട്ട് തുക ഈടാക്കില്ലെന്നാണ് സർക്കാർ പറയുന്നതെങ്കിലും, വ്യാപാരികളിൽനിന്ന് പിരിക്കുന്ന ഈ തുക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിച്ച് ഒടുവിൽ ഉപഭോക്താക്കളുടെ തലയിൽ തന്നെയാണ് കെട്ടിവെക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അമേരിക്കൻ പെയ്മെന്റ് കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണ് കേന്ദ്രസർക്കാർ സീറോ എം.ഡി.ആർ. നയത്തിൽ മാറ്റംവരുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് യു.എസ്. ട്രേഡ് ഡീലിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ പ്രധാനമന്ത്രി വീണ്ടും വിദേശ സമ്മർദങ്ങൾക്ക് കീഴടങ്ങുകയാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാജ്യത്ത് ജനങ്ങൾ വലിയ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഡിജിറ്റൽ പെയ്മെന്റ് ടാക്സ് വഴി ജനങ്ങളുടെ സമ്പാദ്യം കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.