27/09/2026
[fontresizer_tawhidurrahmandear_widget]

“മോദിജിയുടെ സ്കിൻ കെയർ നോക്കൂ.. അഭിജീത്തിനെ കണ്ടാൽ കുളിച്ചതായി പോലും തോന്നില്ല, ഇവരൊക്കെ മാനിപ്പുലേഷൻ ചെയ്ത് ജെൻസിയെ വഴി തെറ്റിക്കുകയാണ്”; അഭിജീത് ദീപ്കെയ്ക്കെതിരെ അധിക്ഷേപവുമായി എബിവിപി നേതാവ് ഭൂമിക ചൗഹാൻ

 “മോദിജിയുടെ സ്കിൻ കെയർ നോക്കൂ.. അഭിജീത്തിനെ കണ്ടാൽ കുളിച്ചതായി പോലും തോന്നില്ല, ഇവരൊക്കെ മാനിപ്പുലേഷൻ ചെയ്ത് ജെൻസിയെ വഴി തെറ്റിക്കുകയാണ്”; അഭിജീത് ദീപ്കെയ്ക്കെതിരെ അധിക്ഷേപവുമായി എബിവിപി നേതാവ് ഭൂമിക ചൗഹാൻ

ന്യൂഡൽഹി: സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റി എബിവിപി നേതാവ് ഭൂമിക ചൗഹാൻ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഭൂമിക തികച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത്. ഈ അഭിമുഖത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

അഭിമുഖത്തിനിടെ അഭിജീത് ദീപ്കെയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഭൂമിക വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കിൻ കെയറിനെയും തിളക്കത്തെയും കുറിച്ച് സംസാരിച്ച അവർ, ഉടൻ തന്നെ അഭിജീത്തിനെ വ്യക്തിപരമായി പരിഹസിക്കുകയായിരുന്നു. “മോദിജിയുടെ സ്കിൻ കെയർ നോക്കൂ, അഭിജീത്തിനെ കണ്ടാൽ കുളിച്ചതായി പോലും തോന്നില്ല. ഇവരൊക്കെ മാനിപ്പുലേഷൻ ചെയ്ത് ജെൻസിയെ വഴി തെറ്റിക്കുകയാണ്” എന്നായിരുന്നു എബിവിപി നേതാവിന്റെ വാക്കുകൾ. തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ഇവർ യുവാക്കളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന് അവതാരകൻ മാധ്യമപ്രവർത്തകനായ സൗരവ് ദാസിനെക്കുറിച്ച് ചോദിച്ചപ്പോഴും സമാനമായ രീതിയിലായിരുന്നു ഭൂമികയുടെ പ്രതികരണം. സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ ആരുടെയൊക്കെയോ കളിപ്പാവകളാണെന്നും, മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും അവർ ആരോപിച്ചു.

രാഷ്ട്രീയവും ആശയപരവുമായ വിയോജിപ്പുകളെ നേരിടാൻ വ്യക്തിഹത്യ നടത്തുകയും രൂപത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് ഭൂമിക ചൗഹാൻ സ്വീകരിച്ചിരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഇത് തികഞ്ഞ ജാതീയധിക്ഷേപമാണെന്ന വാദങ്ങളുമുണ്ട്. അഭിജീത്തിനെയും സൗരവ് ദാസിനെയും പോലെയുള്ളവർ യുവാക്കൾക്കിടയിൽ ചെലുത്തുന്ന സ്വാധീനത്തെ ആശയപരമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങളിലേക്ക് എബിവിപി നേതാക്കൾ കടക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം. ഇൻസ്റ്റാഗ്രാം റീൽസിലൂടെ ഈ വീഡിയോ പുറത്തുവന്നതോടെ ഭൂമികയുടെ പ്രസ്താവനകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Also read: