മതംമാറാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് യുവതിയുടെ മൊഴി; മുസ്ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി
ഭോപ്പാൽ: ലവ് ജിഹാദ് ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത നിർബന്ധിത മതപരിവർത്തന കേസിൽ മുസ്ലിം യുവാവിനെ മധ്യപ്രദേശ് കോടതി കുറ്റവിമുക്തനാക്കി. നർമദാപുരം സ്വദേശി സയ്യിദ് ഖാനെയാണ് പിപാരിയ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് തയ്യാറായതെന്നും മതംമാറാൻ യുവാവ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും യുവതി കോടതിയിൽ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്.
2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഭോപ്പാൽ ജില്ലാ കോടതിയിലെത്തിയ സയ്യിദ് ഖാനെയും യുവതിയെയും ഒരു സംഘം അഭിഭാഷകരും വലതുപക്ഷ പ്രവർത്തകരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് സയ്യിദിനെ എംപി നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച്, മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജൻ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
യുവതിയെ ‘റൈഹാന’ എന്ന് പേരുമാറ്റി മതംമാറ്റാനും വിവാഹത്തിന് നിർബന്ധിക്കാനും ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്നും സയ്യിദ് ഖാൻ മതംമാറാനോ വിവാഹം കഴിക്കാനോ നിർബന്ധിച്ചിട്ടില്ലെന്നും വിചാരണവേളയിൽ യുവതി വ്യക്തമാക്കി. പൊലീസ് സമ്മർദം ചെലുത്തി വെള്ളക്കടലാസുകളിൽ ഒപ്പിടുവിച്ചതാണെന്നും യുവതിയും, മകൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് യുവതിയുടെ മാതാവും കോടതിയിൽ മൊഴി നൽകി.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും തെളിവുകളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് അർച്ചന രഘുവംശിയാണ് സയ്യിദ് ഖാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.