‘തെളിവില്ല’; രാമനവമി സംഘർഷ കേസിൽ അറസ്റ്റിലായ 11 മുസ്‌ലിം യുവാക്കളെ നാല് വർഷത്തിന് ശേഷം വെറുതെവിട്ടു
ഭോപ്പാൽ: 2022-ലെ രാമനവമി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 11 മുസ്‌ലിം യുവാക്കളെ ഖാർഗോൺ സെഷൻസ് കോടതി വെറുതെവിട്ടു. മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം നാലാം അഡീഷണൽ സെഷൻസ് ജഡ്ജ് (മണ്ഡലേശ്വർ) യുവാക്കളെ കുറ്റമുക്തരാക്കിയത്.
പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 462 മുതൽ 827 ദിവസം വരെയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടവർ വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞത്. കേസിൽ ഹാജരാക്കിയ 13 പ്രോസിക്യൂഷൻ സാക്ഷികളിൽ 8 പേരും വിചാരണവേളയിൽ മൊഴി മാറ്റുകയും പ്രതികളെ തിരിച്ചറിയാൻ പരാജയപ്പെടുകയും ചെയ്തു. അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ഐഡന്റിഫിക്കേഷൻ പരേഡ് പോലും നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദുക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ കല്ലേറും പെട്രോൾ ബോംബ് ആക്രമണവും നടത്തിയത് ഈ പ്രതികളാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കലാപം, തീവെപ്പ്, ഗൂഢാലോചന, അതിക്രമിച്ചു കയറൽ, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ എഫ്.ഐ.ആറിലോ ആദ്യ പരാതികളിലോ ഉൾപ്പെടാത്ത ഒരു സാക്ഷിയുടെ മൊഴിയെ മാത്രമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചതെന്നും, സംഭവം നടന്ന് 51 ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി. കൂടാതെ, പിടിച്ചെടുത്ത വസ്തുക്കളിൽ പെട്രോൾ, ഡീസൽ അല്ലെങ്കിൽ മണ്ണെണ്ണ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നതും പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തി.
ഇതോടെയാണ് ചുമത്തിയ മുഴുവൻ കുറ്റങ്ങളിൽ നിന്നും 11 പേരെയും കോടതി കുറ്റമുക്തരാക്കിയത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) എന്ന സംഘടനയാണ് യുവാക്കൾക്കായി കേസ് നടത്തിയത്. അഡ്വ. രേഖ ശ്രീവാസ്തവയാണ് ഇവർക്കായി കോടതിയിൽ ഹാജരായത്.
2022 ഏപ്രിൽ 10-നാണ് രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇദ്രിസ് ഖാൻ എന്ന മുസ്ലിം യുവാവ് കൊല്ലപ്പെടുകയും നിരവധി മുസ്ലിം വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.