തവളകളുടെ കല്യാണം നടത്തുക, കഴുതകൾക്ക് ഗുലാബ് ജാം; വയറലായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ആചാരങ്ങൾ
ഭോപ്പാൽ: ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മഴ കുറഞ്ഞതോടെ വിചിത്ര ആചാരങ്ങളുമായി നാട്ടുകാർ. മധ്യപ്രദേശിലെ ഭോപ്പാലിൽ കഴുതകൾക്ക് ഗുലാബ് ജാമുൻ തീറ്റയായി നൽകിയാണ് നാട്ടുകാരുടെ വിചിത്രമായ ആചാരം. സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ നല്ല രീതിയിൽ മഴ ലഭിക്കുന്നതിനായി കോലാർ റോഡിൽ രാവിലെ 11 മണിയോടെയാണ് നാട്ടുകാർ പ്രത്യേക പ്രാർത്ഥനകളോടെ ഈ ആചാരം സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മഴ ലഭിക്കാനായി കഴുതകൾക്ക് ഗുലാബ് ജാമുൻ പോലുള്ള മധുരപലഹാരങ്ങൾ നൽകുന്നത് വഴി മഴയുടെ ദേവനായ ഇന്ദ്രദേവൻ പ്രീതനാകുമെന്നും പ്രദേശത്ത് സമൃദ്ധമായി മഴ ലഭിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. സംസ്ഥാനത്തെ 55 ജില്ലകളിൽ 35 എണ്ണത്തിലും ഇക്കുറി പ്രതീക്ഷിച്ചത്ര മഴ ലഭിച്ചിട്ടില്ല എന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നാട്ടുകാർ ഈ വിചിത്ര ചടങ്ങുമായി രംഗത്തെത്തിയത്. ജബൽപൂർ, സാഗർ, രേവ, സത്‌ന, സിദ്ധി തുടങ്ങിയ പ്രധാന ജില്ലകളിലെല്ലാം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കൗതുകകരമായ വസ്തുതയെന്തെന്നാൽ, സമീപ പ്രദേശങ്ങളിൽ വരൾച്ച നേരിടുമ്പോഴും ഭോപ്പാലിൽ മാത്രം ഇത്തവണ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 44 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മൺസൂൺ ആരംഭിച്ചതിനു ശേഷം 400.3 മില്ലീമീറ്റർ മഴയാണ് ഭോപ്പാലിൽ ലഭിച്ചത്. ഇത്തരത്തിൽ മഴ വൈകുന്ന വേളകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളകളുടെ കല്യാണം നടത്തലും മൃഗങ്ങൾക്ക് പ്രത്യേക ഭക്ഷണം നൽകലുമെല്ലാം വർഷങ്ങളായി തുടർന്നുപോരുന്ന ആചാരങ്ങളുടെ ഭാഗമാണെന്ന് വിശദീകരണം.