രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് ബിജെപി സർക്കാർ
ഭോപ്പാൽ: രാജ്യത്ത് ആദ്യമായി സംസ്ഥാന വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി മധ്യപ്രദേശ് ബിജെപി സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരമാണ് വഖഫ് (ഭേദഗതി) ആക്ട് 2025 പ്രകാരം പുതിയ ബോർഡ് രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ നിയമ ഭേദഗതിക്ക് കീഴിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശെന്ന് അധികൃതർ അവകാശപ്പെട്ടു.
ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഞായറാഴ്ച പുറത്തിറങ്ങി. പത്തംഗ മധ്യപ്രദേശ് വഖഫ് ബോർഡിന്റെ ചെയർമാനായി സൻവർ പട്ടേലിനെ നിയമിച്ചു. മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ബോർഡിൽ ഉൾപ്പെടുത്തപ്പെട്ട രണ്ട് ഹിന്ദു അംഗങ്ങൾ. 2025-ൽ ഭേദഗതി ചെയ്ത 1995-ലെ വഖഫ് നിയമത്തിലെ സെക്ഷൻ 13(1) പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് സംസ്ഥാന സർക്കാർ സെക്ഷൻ 14 അനുശാസിക്കുന്ന രീതിയിൽ പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ് വഖഫ് ബോർഡ്. വഖഫ് സ്വത്തുക്കളുടെ രേഖകൾ സൂക്ഷിക്കുക, അവയുടെ ഉപയോഗവും വരുമാനവും നിരീക്ഷിക്കുക, കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ക്ഷേമപ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ബോർഡിന്റെ പ്രധാന ചുമതലകൾ.