04/09/2026
[fontresizer_tawhidurrahmandear_widget]

‘അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി’; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ

 ‘അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി’; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ

മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബഹി എന്ന 20-കാരൻ മലിനമായ അജ്നാർ നദിയുടെ പുനരുജ്ജീവനത്തിനായി തനിച്ചു നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. അധികാരികളുടെയോ മറ്റ് സംഘടനകളുടെയോ സഹായം കാത്തുനിൽക്കാതെ, സ്വന്തം പണം ചെലവഴിച്ചാണ് ഈ വിദ്യാർത്ഥി പ്ലാസ്റ്റിക്കും മറ്റ് അഴുക്കുകളും നദിയിൽ നിന്ന് നീക്കം ചെയ്യുന്നത്.

വീഡിയോകൾ വൈറലാക്കാൻ വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം അടുത്തിടെ രംഗത്തെത്തിയിരുന്നു. മൂന്ന് മാസത്തെ കഠിനാധ്വാനം കൊണ്ട് ഒരു ഘട്ടിന്റെ മുഖച്ഛായ മാറ്റിയതടക്കം നദിയുടെ വിവിധ ഭാഗങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ‘ബിഫോർ-ആഫ്റ്റർ’ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. “വീഡിയോകൾ നിർമ്മിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ പണി എടുക്കുക കൂടി ചെയ്തിട്ടുണ്ട്” എന്ന് ബിട്ടു വ്യക്തമാക്കി. ബിട്ടുവിന്റെ ഈ പരിശ്രമങ്ങളെ വ്യവസായി ആനന്ദ് മഹീന്ദ്ര മുൻപ് പ്രശംസിച്ചിരുന്നു.

വലിയ ആരോഗ്യപരമായ അപകടസാധ്യതകൾ നേരിട്ടാണ് ബിട്ടു ഈ ദൗത്യം തുടരുന്നത്. മലിനജലവുമായുള്ള സമ്പർക്കം മൂലം കൈകാലുകളിലെ തൊലി ഉരിഞ്ഞുപോകുന്ന തരത്തിൽ അണുബാധയുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. “നദി വൃത്തിയാക്കാൻ യന്ത്രം നിർമ്മിക്കാൻ പണമില്ലാത്തതിനാലാണ് സ്വന്തം കൈകൾ കൊണ്ട് ഇത് ചെയ്യുന്നത്. എന്നാൽ ആളുകൾ എന്നെ കളിയാക്കുകയും ഭ്രാന്തൻ എന്ന് വിളിക്കുകയും ചെയ്യുന്നു,” ബിട്ടു പറയുന്നു.

അധിക്ഷേപങ്ങൾക്കിടയിലും ദൗത്യവുമായി മുന്നോട്ടുപോകുന്ന ബിട്ടുവിന് ഓൺലൈനിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമാതാരം ചിത്രാംഗദ സിങ്, ഇൻഫ്ലുവൻസർ മുക്ത സിങ് തുടങ്ങിയ പ്രമുഖരും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും യുവാവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also read: