പ്രഖ്യാപിച്ചിട്ട് 6 വർഷം; പണിപോലും ആരംഭിക്കാത്ത സർക്കാർ ആശുപത്രിയിൽ ഇതുവരെ നിയമിച്ചത് 87 ജീവനക്കാരെ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 6 വർഷം മുമ്പ് പ്രഖ്യാപിച്ച് പണിപോലും ആരംഭിക്കാത്ത സർക്കാർ ആശുപത്രിയിൽ ഇതുവരെ 87 ജീവനക്കാരെ നിയമിച്ചതായി റിപ്പോർട്ട്. ഇൻഡോറിലെ ഖജ്‌രാനയിലാണ് മൂന്ന് ലക്ഷത്തിലധികം ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി 100 കട്ടിലുകളുള്ള സിവിൽ ആശുപത്രിക്ക് സർക്കാർ അനുമതി നൽകിയത്. ഇതിനായി 36.56 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും ആശുപത്രി നിർമ്മിക്കാനുദ്ദേശിച്ച ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം മൂലം ഒരു നിർമാണ പ്രവർത്തനവും അവിടെ നടന്നിട്ടില്ല. കെട്ടിടം നിലവിലില്ലെങ്കിലും ക്ലാസ് വൺ മെഡിക്കൽ ഓഫീസർമാർ, റേഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യന്മാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് കഴിഞ്ഞ മാസം വരെ ഇവിടെ തുടർച്ചയായി നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നടന്നിട്ടുണ്ട്.
ഈ സംഭവം പുറത്തുവന്നതോടെ മധ്യപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. കെട്ടിടമോ ഭൂമിയോ ഇല്ലാത്ത ആശുപത്രിയിലേക്ക് ട്രാൻസ്ഫറുകളും നിയമനങ്ങളും നടത്തുന്നത് ഫയലുകളിൽ മാത്രം നിലനിൽക്കുന്ന ‘അഴിമതി’ ആണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാർ ആരോപിച്ചു. ഈ വിഷയത്തിൽ വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിനെതിരെ കർശന അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് ഹസാനി, ഇത് വ്യാജ ആശുപത്രിയല്ലെന്നും തസ്തികകളും ഫണ്ടും വർഷങ്ങൾക്ക് മുൻപ് തന്നെ സർക്കാർ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളതാണെന്നും വ്യക്തമാക്കി. വകുപ്പിന്റെ ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് പോർട്ടലിൽ ഈ തസ്തികകൾ ഒഴിവായി കാണിക്കുന്നത് കൊണ്ടാണ് ഭോപ്പാലിലെ ഡയറക്ടറേറ്റിൽ നിന്ന് ഇവിടേക്ക് നിയമനങ്ങൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖജ്‌രാനയിലെ വലിയ ജനസംഖ്യ കണക്കിലെടുത്ത് ഇവിടെ ആശുപത്രി അത്യന്താപേക്ഷിതമാണെന്നും നിലവിൽ ഇൻഡോർ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി നിലനിൽക്കുന്ന ഭൂമി തർക്കം പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ഈ ആശുപത്രിയുടെ പേരിൽ ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരെ വെറുതെ ഇരുത്തിയിട്ടില്ലെന്നും, നഗരത്തിലെ ജില്ലാ ആശുപത്രിയിലെയും മറ്റ് 85 ‘സഞ്ജീവനി ക്ലിനിക്കുകളിലെയും’ ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഇവരെ താൽക്കാലികമായി അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണെന്നും അധികൃതർ വിശദീകരിച്ചു.