ഭോജ്ശാല വിധിക്ക് പിന്നാലെ പുതിയ നീക്കങ്ങൾ; ഭൂഗർഭ അറകളിലെ ഹൈന്ദവ വിഗ്രഹങ്ങൾക്കായി ഖനനം നടത്തണമെന്നും ഇസ്ലാമിക ചിഹ്നങ്ങൾ മാറ്റണമെന്നും ആവശ്യം
ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ ആവശ്യങ്ങളുമായി ഹർജിക്കാർ രംഗത്ത്. സമുച്ചയത്തിന്റെ ഭൂഗർഭ അറകളിൽ ഹനുമാൻ ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ ശാസ്ത്രീയമായ ഖനനം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ഭക്തർക്ക് സമുച്ചയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പുരാവസ്തു വകുപ്പ് (എ.എസ്.ഐ) നിലവിൽ ഈടാക്കുന്ന ഒരു രൂപ പ്രവേശന ഫീസ് നിർത്തലാക്കണമെന്നാണ് പ്രധാന ആവശ്യം.
ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് മേയ് 15-ന് ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിൽ, പ്രവേശന ഫീസ് വാങ്ങുന്നത് കോടതി ഉത്തരവിനോടുള്ള അനാദരവാണെന്ന് ‘ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്’ ഭാരവാഹിയും ഹർജിക്കാരനുമായ ആശിഷ് ഗോയൽ പുരാവസ്തു വകുപ്പിന് നൽകിയ അപേക്ഷയിൽ വ്യക്തമാക്കി. സമുച്ചയത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള പൂട്ടിയിട്ട മുറി ഉടൻ തുറക്കണമെന്നും അവിടെയുള്ള ഇസ്ലാമിക ചിഹ്നങ്ങൾ നീക്കം ചെയ്യണമെന്നും ഗോയൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായ ആവശ്യങ്ങളുമായി മറ്റൊരു ഹർജിക്കാരനായ കുൽദീപ് തിവാരിയും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും എ.എസ്.ഐക്കും പ്രത്യേക അപേക്ഷ നൽകി. സമുച്ചയത്തിന് താഴെ ഹനുമാന്റെയും മറ്റ് ദേവീദേവന്മാരുടെയും വിഗ്രഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന ശക്തമായ പ്രാദേശിക വിശ്വാസമുണ്ടെന്നും, അതിനാൽ ശാസ്ത്രീയ ഖനനം നടത്തി ഇവ വീണ്ടെടുത്ത് ആചാരപ്രകാരം പുനഃപ്രതിഷ്ഠിക്കണമെന്നുമാണ് തിവാരിയുടെ ആവശ്യം.
മേയ് 15-ലെ ചരിത്രപരമായ വിധിയിലാണ് ഭോജ്ശാലയുടെ മതപരമായ സ്വഭാവം ‘വാഗ്ദേവി അഥവാ സരസ്വതി ക്ഷേത്രം’ ആണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നിസ്കാരം നിർവഹിക്കാനും അനുമതി നൽകിയിരുന്ന എ.എസ്.ഐയുടെ 2003 ഏപ്രിൽ 7-ലെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് മേയ് 16 മുതൽ എ.എസ്.ഐ ഹിന്ദുക്കൾക്ക് ഇവിടെ നിയന്ത്രണങ്ങളില്ലാതെ ആരാധന നടത്തുന്നതിനായി പ്രവേശനം അനുവദിച്ചിട്ടുണ്ട്.