‘പ്രധാനമന്ത്രി വിക്ടിം കാർഡിറക്കി ആസ്വദിക്കുന്നു; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി മാപ്പ് പറയണം’ -ജയറാം രമേശ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടിം കാർഡിറക്കി ആസ്വദിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സഭകൾ കൊണ്ട് രാജ്യത്തെ ആരെയും വഞ്ചിക്കാൻ കഴിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും നികൃഷ്‌ടമായ വാക്കുകളാണ് പ്രധാനമന്ത്രി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ജയറാം രമേശിൻറെ ഈ രൂക്ഷ പ്രതികരണം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്.
“പാർലമെന്റിൽ പോലും പ്രധാനമന്ത്രി പതിവായി അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. സഭയ്ക്കകത്തും പുറത്തുമായി അപകീർത്തികരമായ വാക്കുകൾ പ്രയോഗിക്കുന്ന ഒരു കൂട്ടത്തെ തന്നെയാണ് അദ്ദേഹം അഴിച്ചുവിട്ടിരിക്കുന്നത്. ഇവർക്ക് പൂർണ്ണ സംരക്ഷണം നൽകുന്നതും പ്രധാനമന്ത്രി തന്നെയാണ്.” – ജയറാം രമേശ് പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വലഞ്ഞ വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തിലും രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലും തുഗ്ലക് മോഡൽ നോട്ടുനിരോധനത്തിലും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതൊന്നും ചെയ്യാതെ, ഡൽഹിയിൽ സമരം ചെയ്‌ത യുവാക്കൾക്ക് താൻ മാപ്പ് നൽകുകയാണെന്നാണ് മോദി പറയുന്നത്. ഇത് യുവാക്കളെയാകെ അപമാനിക്കുന്ന നിലപാടാണെന്ന് ജയറാം രമേശ് വ്യക്തമാക്കി.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച തൻ്റെ അമ്മയെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചത്. എന്നാൽ അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും ഇത്തരം പരാമർശങ്ങൾ നടത്തിയവർക്ക് മാപ്പ് നൽകുന്നതായും അദ്ദേഹം അറിയിക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് വഴിതെറ്റിയതാണെന്നും ശിക്ഷാനടപടികൾക്കോ നിയമവഴികൾക്കോ പകരമായി അവരെ നേർവഴിക്ക് നയിക്കാനുള്ള മാർഗനിർദേശങ്ങളാണ് നൽകേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.