28/09/2026
[fontresizer_tawhidurrahmandear_widget]

‘ജുവനൈൽ നിയമത്തിന്റെ പഴുതിൽ കുറ്റവാളികൾ രക്ഷപ്പെടരുത്; ജുവനൈൽ ജസ്റ്റിസ് ആക്ടിൽ വധശിക്ഷയും ജീവപര്യന്തവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി വേണം’: പ്രധാനമന്ത്രിക്ക് നിവേദനവുമായി മലയാളി വിദ്യാർഥിനി

 ‘ജുവനൈൽ നിയമത്തിന്റെ പഴുതിൽ കുറ്റവാളികൾ രക്ഷപ്പെടരുത്; ജുവനൈൽ ജസ്റ്റിസ് ആക്ടിൽ വധശിക്ഷയും ജീവപര്യന്തവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി വേണം’: പ്രധാനമന്ത്രിക്ക് നിവേദനവുമായി മലയാളി വിദ്യാർഥിനി

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16-നും 18-നും ഇടയിൽ പ്രായമുള്ളവർ ജുവനൈൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നത് തടയാൻ നിയമഭേദഗതി ആവശ്യപ്പെട്ട് മലയാളി വിദ്യാർഥിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. ഡൽഹി പണ്ടാര പാർക്കിലെ സിഎം ശ്രീ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയും അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ മകളുമായ മാളവിക ആർ. തീക്കാടനാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

ഡൽഹിയിലെ സ്വരൂപ് നഗറിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മാളവിക നിവേദനം അയച്ചത്. ഈ കേസിൽ പിടിയിലായ നാലുപേരിൽ മൂന്നുപേരും 16-17 പ്രായക്കാരാണെന്ന വാർത്തകളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണയായതെന്ന് അഭിഭാഷകയാകാൻ ആഗ്രഹിക്കുന്ന മാളവിക വ്യക്തമാക്കി. ഇത് ഏതെങ്കിലും പ്രത്യേക കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനല്ലെന്നും, നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ പരിഷ്കരിക്കാനാണെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.

നിലവിലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 15 പ്രകാരം 16 വയസ്സ് തികഞ്ഞയാൾ ഹീനമായ കുറ്റകൃത്യം ചെയ്താൽ, സാഹചര്യങ്ങളും മാനസിക ശേഷിയും ബോർഡ് വിലയിരുത്തി മുതിർന്നയാളായി വിചാരണ ചെയ്യാൻ വ്യവസ്ഥയുണ്ട്. എന്നാൽ സെക്ഷൻ 21 പ്രകാരം ഇത്തരക്കാർക്ക് വധശിക്ഷയോ മോചനസാധ്യതയില്ലാത്ത ജീവപര്യന്തമോ നൽകാൻ സാധിക്കില്ല.

16 വയസ്സ് തികഞ്ഞവർ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ശേഷം മനഃപൂർവം കൊലപാതകം നടത്തുകയും മുതിർന്നയാളായി വിചാരണ നേരിട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്താൽ, കോടതിയുടെ ശിക്ഷാവിധിക്കുള്ള അധികാരം സെക്ഷൻ 21 തടയരുതെന്നാണ് മാളവികയുടെ ആവശ്യം. അത്യപൂർവ കേസുകളിൽ ജീവപര്യന്തമോ, നിയമപരമായി അനുവദനീയമാണെങ്കിൽ വധശിക്ഷയോ പരിഗണിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.

Also read: