10,000 രൂപ ശമ്പളം ലഭിക്കാത്തതിലുള്ള വൈരാഗ്യം; ജീവനക്കാരൻ കടയ്ക്ക് തീയിട്ടു, കത്തിനശിച്ചത് 24 കോടിയുടെ വസ്ത്രങ്ങൾ; പൊട്ടിക്കരഞ്ഞ് ഉടമ
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 10,000 രൂപയുടെ ശമ്പള കുടിശ്ശികയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരൻ തുണിക്കടയ്ക്ക് തീയിട്ടതോടെ കത്തിനശിച്ചത് 24 കോടിയോളം രൂപയുടെ വസ്ത്രങ്ങൾ. സരോളി മേഖലയിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ സെപ്റ്റംബർ ഒൻപതിന് ഉണ്ടായ വൻ തീപിടുത്തം അപകടമല്ലെന്നും, മുൻ വൈരാഗ്യത്താൽ ആസൂത്രിതമായി നടത്തിയ കൃത്യമാണെന്നും കണ്ടെത്തിയ സൂററ്റ് ക്രൈംബ്രാഞ്ച് 33-കാരനായ വിനോദ് പണ്ഡിറ്റ് സാവലെയെ അറസ്റ്റ് ചെയ്തു.
മാർക്കറ്റിന്റെ ആറാം നിലയിലുള്ള കടയിൽ 2026 ഏപ്രിലിൽ 30,000 രൂപ ശമ്പളത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറിയ വിനോദ്, ഉടമയുമായുള്ള തർക്കത്തെ തുടർന്ന് പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം ലഭിക്കാനുണ്ടായിരുന്ന 10,000 രൂപ നൽകാത്തതിലുള്ള കടുത്ത വൈരാഗ്യമാണ് ഈ തീവെയ്പ്പിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മുമ്പും ഇയാൾ ഈ കടയ്ക്ക് തീയിടാൻ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
ദേവധ് ഗ്രാമത്തിലെ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് കവറിലും കുപ്പിയിലുമായി 150 രൂപയുടെ പെട്രോൾ വാങ്ങിയ പ്രതി, സെപ്റ്റംബർ എട്ടിന് രാത്രി 9 മണിയോടെയാണ് മാർക്കറ്റിലെത്തിയത്. മുഖം വെള്ള തൂവാല കൊണ്ട് മറച്ച് ഒരു ബാഗും തൂക്കി എത്തിയ ഇയാൾ, ആളൊഴിയാൻ വേണ്ടി അഞ്ചാം നിലയിലെ കോണിപ്പടിക്ക് സമീപം രാത്രി 12.30 വരെ കാത്തുനിൽക്കുകയും, തുടർന്ന് കടയ്ക്ക് പുറത്തുവെച്ചിരുന്ന തുണി പാഴ്സലുകളിൽ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം രക്ഷപ്പെടുകയുമായിരുന്നു.
അതിവേഗം പടർന്നുപിടിച്ച തീയിൽ 14 കടകൾ പൂർണ്ണമായും കത്തിനശിച്ചു. 38 മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ അണച്ചത്. തീപിടുത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതറിഞ്ഞ പ്രതി, തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭാര്യക്കും കുട്ടിക്കുമൊപ്പം രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്കും അവിടെനിന്ന് അയോധ്യയിലേക്കും കടന്നു. സൂററ്റ് പോലീസിന്റെ ‘വിശ്വാസ് പ്രൊജക്റ്റ്’ ഫേസ് 2-ന്റെ ഭാഗമായി സ്ഥാപിച്ച 1,500-ലധികം സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഒടുവിൽ ഒളിവിൽ കഴിഞ്ഞ് സൂറത്തിൽ തിരിച്ചെത്തിയ ഇയാളെ ഡിൻഡോലിയിലെ ഫ്ലവർ ഗാർഡന് സമീപത്ത് വെച്ച് ഗണപതി ഉത്സവത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടി സരോളി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനായി മാർക്കറ്റിൽ തിരികെ എത്തിച്ചപ്പോൾ പ്രതി കൈകൂപ്പി നിൽക്കുന്നതും കാണാമായിരുന്നു.
തീപിടുത്തത്തിൽ ഏകദേശം 25 കോടി രൂപയുടെ നഷ്ടമുണ്ടായതായി അഡീഷണൽ പോലീസ് കമ്മീഷണർ കരൺരാജ് വഗേല അറിയിച്ചപ്പോൾ, അന്വേഷണ സംഘം 24 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടയ്ക്ക് തീപിടിച്ചത് കണ്ട ഉടമ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൊന്നടങ്കം പ്രചരിച്ചിരുന്നു. ഇത്ര വലിയൊരു തുകയുടെ നഷ്ടമുണ്ടായതിൽ ഉടമയെ പിന്തുണച്ചും, കൃത്യസമയത്ത് ശമ്പളം നൽകാത്തതിനാൽ ജീവനക്കാരൻ്റെ സാഹചര്യങ്ങളെയും പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി രംഗത്തെത്തിയത്.