30/09/2026
[fontresizer_tawhidurrahmandear_widget]

“ജോലിക്ക് പിന്നാലെ ഓടാതെ ഇ-റിക്ഷ ഓടിക്കൂ”; തൊഴിൽരഹിതരായ യുവാക്കളെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്; ശക്തമായ പ്രതിഷേധം

 “ജോലിക്ക് പിന്നാലെ ഓടാതെ ഇ-റിക്ഷ ഓടിക്കൂ”; തൊഴിൽരഹിതരായ യുവാക്കളെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്; ശക്തമായ പ്രതിഷേധം

ലഖ്നൗ: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിനിടെ, തൊഴിലന്വേഷകരായ യുവാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തെത്തിയത് വൻ വിവാദമാകുന്നു. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി തേടി സമയം കളയാതെ യുവാക്കൾ ഇ-റിക്ഷകളോ ടാക്സികളോ ഓടിക്കാൻ ഇറങ്ങണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ രാജ്യവ്യാപകമായി വലിയ രോഷമാണ് ഉയരുന്നത്.

ലഖ്നൗവിൽ സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡിന്റെ കീഴിലുള്ള ഭാരത് ടാക്സി സേവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു, തൊഴിൽരഹിതരായ യുവാക്കളുടെ പ്രതിസന്ധികളെയും പ്രതീക്ഷകളെയും നിസ്സാരവത്കരിച്ചുകൊണ്ടുള്ള ഉപമുഖ്യമന്ത്രിയുടെ ഈ പ്രതികരണം. സാധാരണ ജോലികൾക്ക് പിന്നാലെ നടന്ന് സമയം കളയേണ്ടതില്ലെന്നും, പകരം ഇ-റിക്ഷയോ ടാക്സിയോ ഓടിച്ചാൽ മികച്ച വരുമാനത്തോടൊപ്പം കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാൻ കഴിയുമെന്നുമാണ് അദ്ദേഹം വാദിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനടുത്തുള്ള ഓട്ടങ്ങൾ എടുത്ത് വീട്ടിലെത്തി വിശ്രമിക്കാമെന്നും, ആവശ്യമെങ്കിൽ രാത്രി പത്ത് മണി വരെ ജോലി ചെയ്യാമെന്നും പറഞ്ഞ് ഡ്രൈവിംഗ് തൊഴിലിനെ അദ്ദേഹം വളരെ ലളിതവത്കരിക്കാനും ശ്രമിച്ചു. മറ്റൊരാളെ ആശ്രയിച്ചു ജീവിക്കുന്നതിൽ സന്തോഷമില്ലെന്ന ഹിന്ദി പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു പരമ്പരാഗത ജോലികൾ ഉപേക്ഷിച്ച് സ്വയം തൊഴിലിലേക്ക് തിരിയാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചത്. എന്നാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം യുവാക്കളെ പരിഹസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും സമൂഹമാധ്യമങ്ങളും ശക്തമായി രംഗത്തെത്തി.

രാജ്യത്തെ നയിക്കേണ്ട യുവാക്കളോട് റിക്ഷ ഓടിക്കാൻ ആവശ്യപ്പെടുന്നത് ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് സമാജ്‌വാദി പാർട്ടി എം.പി പുഷ്പേന്ദ്ര സരോജ് കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രിക്ക് റിക്ഷ ഓടിക്കാൻ അത്രയ്ക്ക് താല്പര്യമുണ്ടെങ്കിൽ ഒരെണ്ണം താൻ സമ്മാനമായി അയച്ചുനൽകാമെന്നും അദ്ദേഹം പരിഹസിച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് സ്വന്തം മക്കൾക്ക് ഇ-റിക്ഷ വാങ്ങിക്കൊടുത്ത് അവരെക്കൊണ്ട് ഈ ജോലി ചെയ്യിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം യുവാക്കളുടെ ഭാവി വെച്ച് പന്താടുന്ന സർക്കാരിന്റെ നിലപാടിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

Also read: