അജയ് ദേവ്ഗൺ നായകനായെത്തുന്ന ‘ദൃശ്യം 3’ കാണാം, പാവ് ഭാജി ഫ്രീ; വേറിട്ട ഓഫറുമായി തിയേറ്റർ ഉടമകൾ
മുംബൈ: അജയ് ദേവ്ഗൺ നായകനായെത്തുന്ന സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘ദൃശ്യം: ദ കൺക്ലൂഷൻ’ ഒക്ടോബർ 2-ന് റിലീസിനൊരുങ്ങവെ പ്രേക്ഷകർക്കായി ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ച് തിയേറ്റർ ഉടമകൾ. സിനിമയുടെ ആദ്യ ദിനത്തിൽ തിയേറ്ററിലെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 500 പ്രേക്ഷകർക്ക് സൗജന്യമായി പാവ് ഭാജി നൽകാനാണ് തീരുമാനം.
സിനിമയിലെ നായകനായ വിജയ് സാൽഗോങ്കറും കുടുംബവും ഒക്ടോബർ 2-ന് പനാജിയിൽ പോയി സ്വാമി ചിന്മയാനന്ദന്റെ സത്സംഗത്തിൽ പങ്കെടുക്കുകയും പാവ് ഭാജി കഴിക്കുകയും ചെയ്തു എന്നത് ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും ജനപ്രിയമായ സീനുകളിൽ ഒന്നാണ്. സിനിമയിലെ ഈ നിർണ്ണായക ഘടകത്തെ പ്രേക്ഷകരുടെ സിനിമാ അനുഭവത്തിന്റെ ഭാഗമാക്കുകയാണ് ഇതിലൂടെ തിയേറ്റർ ഉടമകൾ ലക്ഷ്യമിടുന്നത്. ദൃശ്യം സിനിമയുടെ ആരാധകർക്ക് ഒക്ടോബർ 2-ഉം പാവ് ഭാജിയും തമ്മിലുള്ള ബന്ധം വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.
എന്നാൽ ഈ ആകർഷകമായ ഓഫർ സ്വന്തമാക്കാൻ ചില പ്രത്യേക നിബന്ധനകളുമുണ്ട്. പിവിആർ ഐനോക്‌സിൽ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക. ഇതിനായി ഉപഭോക്താക്കൾ പിവിആർ ഐനോക്സ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഒറ്റ ഇടപാടിൽ കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും ബുക്ക് ചെയ്യണം. ഇത്തരത്തിൽ ടിക്കറ്റെടുക്കുന്ന ആദ്യത്തെ 500 പേർക്കായിരിക്കും സൗജന്യമായി പാവ് ഭാജി ലഭിക്കുക.
മുംബൈ, ഡൽഹി-എൻസിആർ, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പിവിആർ ഐനോക്സ് തിയേറ്ററുകളിൽ റിലീസ് ദിനമായ ഒക്ടോബർ 2-ന് മാത്രമായിരിക്കും ഈ കൂപ്പൺ മാറി പാവ് ഭാജി വാങ്ങാൻ സാധിക്കുക. നായകനായ വിജയ് സാൽഗോങ്കറിന്റെ കുടുംബത്തിൽ നാല് അംഗങ്ങളുള്ളതിനാലാണ് ഒറ്റത്തവണ നാല് ടിക്കറ്റുകൾ ബുക്ക് ചെയ്യണം എന്ന നിബന്ധന വെച്ചിരിക്കുന്നത്. ഇതിലൂടെ കുടുംബസമേതം കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.
അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ദൃശ്യം 3, മുൻ ഭാഗമായ ദൃശ്യം 2 അവസാനിച്ചിടത്ത് നിന്നാണ് ആരംഭിക്കുന്നതെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണിന് പുറമെ ജയ്‌ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഗോവയിലെ പനജിയിലായിരുന്നു പ്രകാശനം ചെയ്തത്.