ദുബൈയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി; സ്വർണ്ണം കവർന്ന് വഴിയിൽ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു
തിരുവനന്തപുരം: ദുബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നതായി പരാതി. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണം കവർന്ന ശേഷം ദമ്പതികളെ ചേർത്തലയിൽ ഇറക്കിവിട്ടാണ് സംഘം കടന്നുകളഞ്ഞത്. പരാതിക്കാരായ ദമ്പതികളുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും വലിയതുറ സിഐ അറിയിച്ചു.
ദുബൈയിൽ വെച്ച് സുഹൃത്ത് വഴി പരിചയപ്പെട്ട വ്യക്തിയാണ് നാട്ടിലുള്ള മറ്റൊരാൾക്ക് കൈമാറാനായി ദമ്പതികളുടെ കൈവശം ഏഴര പവൻ സ്വർണ്ണം കൊടുത്തുവിട്ടത്. ഈ സ്വർണ്ണം നാട്ടിലെത്തിക്കുന്നതിനായി ഇവർക്ക് വിമാന ടിക്കറ്റും ഒരു ലക്ഷം രൂപയും പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങുമ്പോൾ മെഹറൂഫ് എന്ന് പേരുള്ള ഒരാൾ വന്ന് സ്വർണ്ണം വാങ്ങുമെന്നായിരുന്നു ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് വിമാനത്താവളത്തിൽ എത്തിയ മെഹറൂഫ് എന്ന് പരിചയപ്പെടുത്തിയ ആൾ ദമ്പതികളെ കാറിൽ കയറ്റിക്കൊണ്ടുപോവുകയും, തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്നംഗ സംഘം ചേർന്ന് സ്വർണ്ണം ബലമായി തട്ടിയെടുക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
സ്വർണ്ണം കവർന്ന ശേഷം സംഘം ദമ്പതികളെ ചേർത്തലയിൽ വെച്ച് വഴിയിൽ ഇറക്കിവിട്ടു. എന്നാൽ ഇതിന് പിന്നാലെ സ്വർണ്ണം ചോദിച്ച് മറ്റൊരു സംഘം ദമ്പതികളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് ഇവർ പോലീസിനെ സമീപിക്കാൻ തയ്യാറായത്. ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ വലിയതുറ പോലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പോലീസ്.