27/09/2026
[fontresizer_tawhidurrahmandear_widget]

‘ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റലുകൾക്ക് പണമില്ലേ?’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

 ‘ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റലുകൾക്ക് പണമില്ലേ?’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് വിദ്യാർത്ഥിനികൾക്കായി മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്ത ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിക്കിടെ ഗ്രാമത്തിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിനി തന്നോട് ചോദിച്ച ചോദ്യം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ‘എക്‌സി’ലൂടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയത്.

‘സർക്കാരിന്റെ പക്കൽ ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, ഞങ്ങളുടെ ഹോസ്റ്റലുകൾക്ക് എന്തുകൊണ്ട് പണമില്ല? എന്നാണ് ഇൻഡോറിലെ പരിപാടിക്കിടെ ഒരു വിദ്യാർത്ഥിനി എന്നോട് ചോദിച്ചത്. പഠിക്കാനായി ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് എത്തിയതാണ് അവൾ. ഹോസ്റ്റൽ ഇല്ലാത്തതിനാൽ പേയിംഗ് ഗസ്റ്റായി താമസിക്കേണ്ടി വരുന്നു. വെറുതെ സുരക്ഷിതമായി താമസിക്കാൻ വേണ്ടി മാത്രം ലക്ഷങ്ങളാണ് ചെലവാകുന്നത്. എല്ലാ മാസവും വാടക നൽകാനുള്ള നെട്ടോട്ടവും, ഏത് നിമിഷവും വീടില്ലാത്തവളായി മാറുമോ എന്ന ഭയവും. ഇതിനിടയിലാണ് അവൾ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്,’ എന്ന് രാഹുൽ ഗാന്ധി കുറിച്ചു. താമസിക്കാൻ സുരക്ഷിതമായ ഒരിടമില്ലാത്തതു കാരണം മാത്രം രാജ്യത്ത് നിരവധി പെൺകുട്ടികൾക്കാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തിനനുസരിച്ച് ഉയരാത്തതും അഴിമതിയിൽ മുങ്ങിപ്പോയതുമായ ഹൗസിംഗ് അലവൻസിനെക്കുറിച്ച് ഓർമിപ്പിച്ച രാഹുൽ, ആ കൊച്ചുപെൺകുട്ടിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കൽ എന്തെങ്കിലും ഉത്തരമുണ്ടോ എന്നും ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേരയും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ‘പി.ആർ മാമാങ്കങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, ആഡംബര കാറുകൾ, വിമാനങ്ങൾ, സൗന്ദര്യവർദ്ധക സാമഗ്രികൾ ഇതിനെല്ലാമുള്ള പണം മോദിയുടെ പക്കലുണ്ട്, രാജ്യത്തെ യുവതലമുറയുടെ വിദ്യാഭ്യാസത്തിന് ഒഴികെ,’ എന്ന് അദ്ദേഹം പരിഹസിച്ചു.

ഇൻഡോറിലെ ബി.ജെ.പി കോട്ടയിൽ വെച്ച് ‘സിസ്റ്റം വേഴ്‌സസ് സ്റ്റുഡന്റ്സ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, ഭരണകൂടം ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ ഭയപ്പെടുന്നുവെന്നും ചിന്തിക്കാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന ‘അന്ധഭക്തരെ’ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ശനിയാഴ്ച ആരോപിച്ചിരുന്നു. മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത്, അദാനി, അംബാനി എന്നിവരടങ്ങുന്ന ഒരു ഘടനയാണ് രാജ്യത്തെ സ്ഥാപനങ്ങളെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Also read: