രാഹുലിന്റെ പരിപാടിയിൽ പ്രധാനമന്ത്രിയെ അനുകരിച്ചു; സ്റ്റാൻഡ്അപ്പ് കൊമേഡിയന് വധഭീഷണി, യുപിയിലെ ഷോകൾ റദ്ദാക്കി
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പുൽകിത് മാനിക്ക് വധഭീഷണി. അജ്ഞാത ഫോൺ കോളുകൾ വഴിയാണ് ഭീഷണിയുണ്ടായത്. ഇതോടെ മൂന്ന് ഷോകൾ റദ്ദാക്കി. നോയിഡ, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
“പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങൾ കാരണം നോയിഡയിലെ എന്റെ ഷോ റദ്ദാക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നു,” – പുൽകിത് മാനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പങ്കെടുത്ത ‘ഛാത്രോം കീ ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിലാണ് പുൽകിത് മാനി പ്രധാനമന്ത്രിയെ അനുകരിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ, സംസാരിക്കുന്ന രീതി, ശൈലികൾ എന്നിവയെ അനുകരിച്ചുകൊണ്ടായിരുന്നു പുൽകിതിന്റെ അവതരണം.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും പിന്നാലെ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ ഇത്തരമൊരു പ്രകടനം നടത്തുന്നതിന്റെ ഔചിത്യവും ബി.ജെ.പി ചോദ്യം ചെയ്തു. കഴിഞ്ഞമാസം ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് ദേശീയ കൺവെൻഷനിലും വിദേശനേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ രീതിയെ രാഹുൽ വിമർശിച്ചിരുന്നു.