26/09/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും സംരക്ഷിക്കുന്നു, ചെയ്തത് രാജ്യദ്രോഹം’; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് രാഹുൽ ഗാന്ധി

 ‘ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും സംരക്ഷിക്കുന്നു, ചെയ്തത് രാജ്യദ്രോഹം’; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “നിങ്ങൾ വലിയ വിദ്യാഭ്യാസമുള്ള ആളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കൂ. നിങ്ങൾ ചെയ്തത് ഇന്ത്യക്കെതിരെയുള്ള കാര്യമാണ്. നിങ്ങൾ വോട്ടുകൾ സംരക്ഷിക്കേണ്ടതായിരുന്നു. ഇതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടിവരും. ഇതിന് ഉത്തരവാദികളായവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും ശിക്ഷ ലഭിക്കും.” -രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെ നിയമിച്ചത് പ്രധാനമന്ത്രി മോദിയാണ്. അദ്ദേഹത്തിനെതിരെ താൻ എഴുതിയ കത്തിന്മേൽ യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രധാനമന്ത്രിയും അമിത് ഷായും അദ്ദേഹത്തെ സംരക്ഷിക്കുന്നത് കൊണ്ടാണ്. ഞങ്ങളുടെ കൈവശം നിരവധി തെളിവുകളുണ്ട്. ഇതിനുമുമ്പ് ഒരിക്കലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു അവസ്ഥയിലാണ് നമ്മളിപ്പോഴുള്ളത്. ഇത്തരമൊരു വഴിത്തിരിവിലേക്ക് രാജ്യം എത്തിച്ചേരുന്നത് ആദ്യമായാണെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിൽ എല്ലാ സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരമുണ്ട്. ബംഗ്ലാദേശ് യുദ്ധം ജയിച്ചിട്ടും ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. പിന്നെ എന്തുകൊണ്ടാണ് ബി.ജെ.പിയുടെ കാര്യത്തിൽ ഇതുണ്ടാകാത്തത്? ഭരണവിരുദ്ധ തരംഗം എങ്ങനെ പ്രവർത്തിക്കുന്നില്ല എന്നതിനെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിവാദത്തിന് ശേഷം ചിന്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നു. ഗ്യാനേഷ് കുമാർ എല്ലാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടത്തി. വോട്ട് ചോരിയിലൂടെ ജനാധിപത്യം ദുർബലപ്പെട്ടെന്നും രാഹുൽ പറഞ്ഞു.

“നമ്മുടെ നിയമങ്ങളും നിയമവിരുദ്ധമായി മാറി. ഇത് വോട്ടിനു മേലുള്ള ആക്രമണം മാത്രമല്ല. ജനങ്ങൾക്ക് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അടിസ്ഥാന സൗകര്യത്തിന് മേലുള്ള ആക്രമണമാണിത്. വോട്ടുകൾ സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വോട്ട് ഇല്ലാതായാൽ, ഭരണഘടന പ്രവർത്തിക്കുന്നില്ല എന്നാണർത്ഥം.” -പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Also read: