‘ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ മോദി സർക്കാറിന് ഭയം, ഇഷ്ടം അന്ധ ഭക്തരെ’: രാഹുൽ ഗാന്ധി
ഇൻഡോർ: ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ സർക്കാരിന് ഭയമാണെന്നും അതുകൊണ്ടാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നതെന്നും ‘ഛാത്രോം കി ഗുഞ്ച്’ പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പുണെ എന്നിവിടങ്ങളിലേതിനു പിന്നാലെ അഞ്ചാമത് ഛാത്രോം കി ഗുഞ്ച് പരിപാടിയാണ് ഇൻഡോറിൽ നടന്നത്. മധ്യപ്രദേശിൽ അധ്യാപക ജോലിക്കു വേണ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അമിത് ഷായുടെ മകൻ എങ്ങനെ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായെന്ന് ഒരു വിദ്യാർത്ഥി ചോദിക്കും. രാജ്യത്തെ ബിസിനസ് രംഗം ഏതാനും വ്യക്തികൾ മാത്രം നിയന്ത്രിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കും. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും അവരുടെ ചുമതല നിർവഹിക്കുന്നുണ്ടോ എന്ന ചോദ്യവും സർക്കാരിനെ അസ്വസ്ഥമാക്കും. ഇത്തരം വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
മോദിക്കു പുറമേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വ്യവസായികളായ ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയവരുടെ പേരുകളും രാഹുൽ പരാമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹാസച്ചുവയോടെ അനുകരിക്കുന്ന ‘ഹണി ഹൂ ഈസ് ഫണ്ണി’ വീഡിയോ ക്രിയേറ്ററും ഇന്നലെ വേദിയിലെത്തി. വിദേശ നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നതെന്ന മട്ടിൽ രാഹുലിനെ ആലിംഗനം ചെയ്തുള്ള അനുകരണം കാണികളിൽ ചിരി പടർത്തി.
അതിനിടെ, രാഹുലിന്റെ പേഴ്‌സനൽ സുരക്ഷാ ചുമതലയുള്ള കെ.ബി. ബൈജുവിനെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.