27/09/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷിനെക്കൊണ്ട് വൃത്തികെട്ട കളി കളിപ്പിച്ചു; എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി സർക്കാർ’: എം.എ ബേബി

 ‘ഗ്യാനേഷിനെക്കൊണ്ട് വൃത്തികെട്ട കളി കളിപ്പിച്ചു; എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി സർക്കാർ’: എം.എ ബേബി

എം.എ ബേബി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാര ദുർവിനിയോഗം പൂർണ്ണമായി വെളിപ്പെട്ടുവെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ഗ്യാനേഷിനെ മുന്നിൽ നിർത്തി ഇത്തരം വൃത്തികെട്ട കളി കളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അധികാര സ്ഥാനങ്ങൾ തകരാൻ പോകുകയാണെന്നും എം.എ ബേബി പറഞ്ഞു.

ധർമ്മേന്ദ്ര പ്രാധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപി സർക്കാർ എങ്ങനെയൊക്കെയാണ് ഇന്ത്യൻ ഭരണം കൈപ്പിടിയിലൊതുക്കിയതെന്നതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും പറഞ്ഞു. കാര്യങ്ങൾ അസഹനീയമായപ്പോഴാണ് രണ്ട് കമ്മീഷൻ അംഗങ്ങൾ വിയോജിപ്പുകൾ തുറന്നുപറഞ്ഞത്. ബിജെപി ഭരണത്തിന് കീഴിൽ എത്രമാത്രം ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ ഇപ്പോഴത്തെ സാഹചര്യം നിർണായകമാകും.

സ്വന്തം വോട്ട് ചെയ്യാനുള്ള അവകാശത്തിനായി വോട്ടർമാർ കഷ്ടപ്പെടേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി സർക്കാർ. എല്ലാവരുമായി യോജിച്ചുള്ള പ്രക്ഷോഭമാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഇൻഡ്യ മുന്നണിക്ക് പുറത്തുള്ളവർക്കും ഒരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയോടാണ് ആദ്യം സംസാരിച്ചത്. അഭിജീത് ദീപ്കെക്കും കത്തെഴുതിയിട്ടുണ്ട്. എൻഡിഎയ്ക്കുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ‘ഇൻഡ്യ’ സഖ്യത്തിന്റെ യോഗം ബുധനാഴ്ച ചേർന്ന് തുടർനീക്കങ്ങൾ ചർച്ച ചെയ്യും. ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തക സമിതിയും യോഗം ചേരുന്നുണ്ട്.

Also read: