01/08/2026
[fontresizer_tawhidurrahmandear_widget]

‘എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 125 രൂപയായേനെ’; വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

 ‘എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 125 രൂപയായേനെ’; വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ എഥനോൾ മിശ്രണം നിർണായക പങ്കുവഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ ചേർത്തത് കൊണ്ടാണ് വില വർധനവ് നിയന്ത്രിക്കാനായതെന്നും, അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില ഉയരുമായിരുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

‘ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 രൂപ വരെ എത്തുമായിരുന്നു. എന്നാൽ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിലൂടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് ഏകദേശം 30 രൂപയുടെ ലാഭം ലഭിക്കുകയും 94.77 രൂപയ്ക്ക് പെട്രോൾ ലഭ്യമാവുകയും ചെയ്‌തു’ എന്ന് മന്ത്രാലയം വ്യക്തമാക്കി.

പെട്രോളിൽ എഥനോൾ ചേർക്കുന്ന നയത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതിരോധം. പാവപ്പെട്ടവർക്കായി മാറ്റിവെച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങളോ എഫ്.സി.ഐ (FCI) വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള അരിയോ എഥനോൾ ഉൽപ്പാദനത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണങ്ങളും സർക്കാർ പൂർണ്ണമായി തള്ളി.

ഫെബ്രുവരി 28 ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റങ്ങളുണ്ടായെങ്കിലും, ഏകദേശം 75 ദിവസത്തോളം രാജ്യത്ത് പെട്രോൾ വില വർധിക്കാതെ നിലനിർത്താൻ സാധിച്ചു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയ്ക്കിടയിലും പെട്രോൾ, ഡീസൽ നിരക്കുകൾ സ്ഥിരമായി നിർത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം, 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ ആറ് ശതമാനം വരെ കുറവുണ്ടാകാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ സമ്മതിച്ചിരുന്നു. എങ്കിലും ഇത് എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

E10 ഇന്ധനവുമായി താരതമ്യം ചെയ്യുമ്പോൾ E20 ഇന്ധനം മികച്ച ആക്‌സിലറേഷനും മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും നൽകുമെന്നും, അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബണിന്റെ അളവിൽ ഏകദേശം 30 ശതമാനം കുറവു വരുത്തുമെന്നും ലോക്സഭയിൽ നൽകിയ എഴുത്തുപൂർവ്വ മറുപടിയിൽ ഗഡ്‌കരി അറിയിച്ചു.

Also read: