27/09/2026
[fontresizer_tawhidurrahmandear_widget]

മുത്തലാഖിലൂടെയുള്ള വിവാഹ മോചനം: 2019 മുതൽ കേരളത്തിൽ 203 കേസുകൾ എടുത്തെന്ന് കേന്ദ്രം

 മുത്തലാഖിലൂടെയുള്ള വിവാഹ മോചനം: 2019 മുതൽ കേരളത്തിൽ 203 കേസുകൾ എടുത്തെന്ന് കേന്ദ്രം

ന്യൂഡൽഹി: വിവാഹമോചനം ചെയ്യാൻ ഭർത്താവ് മുത്തലാഖ് ചൊല്ലിയതിന് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കണക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമത്തിന്റെ സെക്ഷൻ 3,4 ആക്ട് പ്രകാരം 2019 ൽ കേരളത്തിൽ 25 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും, 22 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2020 ൽ എഫ്.ഐ.ആറുകളുടെ എണ്ണം 38 ആയി ഉയർന്നു; 33 കേസുകളിൽ കുറ്റപത്രം ഫയൽ ചെയ്തു. 2021ൽ 43 എഫ്.ഐ.ആറുകളും, 41 കേസുകളിൽ കുറ്റപത്രവും ഫയൽ ചെയ്തു. 2022 ൽ ഇത് യഥാക്രമം 29 ഉം 25 ഉം ആയിരുന്നു. 2023: രജിസ്റ്റർ ചെയ്ത 16 കേസുകളിൽ മുഴുവൻ എണ്ണത്തിലും കുറ്റപത്രം ഫയൽ ചെയ്തു. 2024 ൽ രജിസ്റ്റർ ചെയ്ത 20 കേസുകളിൽ 18 എണ്ണത്തിൽ കുറ്റപത്രം ഫയൽ ചെയ്തു.

2025 ൽ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 18 എണ്ണത്തിൽ കുറ്റപത്രം ഫയൽ ചെയ്തു. മൂന്ന് എണ്ണത്തിൽ അന്വേഷണം തുടരുകയാണ്. 2026 ജൂൺ വരെ 9 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ അഞ്ച് എണ്ണത്തിൽ കുറ്റപത്രം ഫയൽ ചെയ്തു. നാല് എണ്ണത്തിൽ അന്വേഷണം തുടരുകയാണ്. അഖിലേന്ത്യാ തലത്തിൽ 2019 നും 2026 നും ഇടയിൽ 20,686 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 16,562 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 874 കേസുകളിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Also read: